തലസ്ഥാന നഗരത്തിന്റെ ഒത്ത നടുക്ക്, ദേശീയപാതയുടെ തൊട്ടടുത്ത്, എന്നിട്ടും വികസനത്തിന് തയ്യാറാകാതെ റെയിൽവെ
തിരുവനന്തപുരം: ഭൂമി കൈമാറി വർഷങ്ങൾ കഴിഞ്ഞിട്ടും,മേലാറന്നൂർ സി.ഐ.ടി റോഡിലെ റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണം ആരംഭിക്കുന്നില്ലെന്ന് നാട്ടുകാർ.നിരവധി പരാതികളെ തുടർന്നാണ്,2007ൽ കേന്ദ്രസർക്കാർ ഓവർബ്രിഡ്ജ് നിർമ്മിക്കുമെന്ന് പ്രഖ്യാപിക്കുന്നത്.ഓവർബ്രിഡ്ജ് രൂപരേഖ റെയിൽവേ അംഗീകരിച്ചിരുന്നു. എന്നാൽ പതിനേഴ് വർഷമായി തുടർനടപടികൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു.
പിന്നീട് ഭൂമിയേറ്റെടുത്ത് നൽകിയിട്ടും ഓവർബ്രിഡ്ജ് നിർമ്മിക്കാൻ റെയിൽവേ തയ്യാറായില്ല.ഓവർബ്രിഡ്ജ് നിർമ്മാണത്തിനുള്ള മാനദണ്ഡത്തിനെക്കാൾ കുറവ് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നതെന്നതായിരുന്നു റെയിൽവേയുടെ വിശദീകരണം. ഇതിനെതിരെ നടത്തിയ ജനകീയ സമരങ്ങളുടെ ഫലമായി, പൂർണമായും റെയിൽവേയുടെ ചെലവിൽ ഓവർബ്രിഡ്ജ് നിർമ്മിക്കുമെന്ന് സതേൺ റെയിൽവേ ചെന്നൈ ഡിവിഷൻ ഉറപ്പുനൽകിയിരുന്നു.
നിലവിൽ നിർമ്മാണത്തിനാവശ്യമായ എസ്റ്റിമേറ്റ് കണക്കാക്കാനുള്ള ചുമതല കെ.ആർ.ഡി.സി.എല്ലിനാണ്. അത് വേഗത്തിൽ പൂർത്തിയാക്കി നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ഓവർബ്രിഡ്ജ് നിർമ്മാണ പ്രഖ്യാപനം: 2007ൽ
സ്ഥലമേറ്റെടുത്തത്: 2022ൽ
പൂജപ്പുര ജംഗ്ഷനെയും നാഷണൽ ഹൈവേയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡിൽ എപ്പോഴും തിരക്കാണ്. കന്യാകുമാരി ഭാഗത്തേക്കുള്ള ട്രെയിനുകൾക്കായി തുടർച്ചയായി ഇവിടെ റെയിൽവേ ഗേറ്റ് അടച്ചിടും.തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം അരക്കിലോമീറ്റർ ദൂരമുള്ള ഈ റെയിൽവേ ഗേറ്റ് ട്രെയിനുകൾ ട്രയൽ റൺ നടത്തുമ്പോഴും അടച്ചിടും. ഇതും യാത്രക്കാരെ വലയ്ക്കുന്നു.നിലവിലെ റെയിൽപാത ഇരട്ടിപ്പിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായാൽ ഇതുവഴി കൂടുതൽ ട്രെയിനുകൾ കടന്നുപോകും. അങ്ങനെയായാൽ ഗേറ്റ് അടവുകളുടെ എണ്ണം കൂടുമെന്ന ആശങ്കയിലാണ് യാത്രക്കാർ.
രാവിലെയും വൈകിട്ടും ഇവിടെ വലിയ തിരക്കായിരിക്കും.വാഹനങ്ങൾ പൂർണമായും കടന്നുപോകുന്നതിന് മുൻപുതന്നെ പലപ്പോഴും ഗേറ്റ് അടയ്ക്കും. എത്രയും പെട്ടെന്ന് ഓവർബ്രിഡ്ജ് നിർമ്മിക്കണം.
ജയരാജൻ,ഗാന്ധിജി നഗർ റസിഡന്റ്സ്
അസോസിയേഷൻ പ്രസിഡന്റ്