100ന്റെ നിറവിൽ 'അമ്മ പള്ളി'
കൊച്ചി: ശതാബ്ദി നിറവിൽ എറണാകുളം സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് വിശ്വാസികൾ ഒരുക്കം തുടങ്ങി. സഭാ വിശ്വാസികൾക്ക് എറണാകുളം പട്ടണത്തിൽ ആരാധനയ്ക്ക് പ്രത്യേകയിടമില്ലെന്ന സങ്കടമാണ് പള്ളിയുടെ പിറവിക്ക് വഴിതുറന്നത്. 1922ൽ സ്വന്തമായി സ്ഥലംവാങ്ങി. നാല് വർഷത്തിനുശേഷം 1926 ഒക്ടോബർ ആറിനായിരുന്നു പള്ളിയുടെ കൂദാശയും ആദ്യത്തെ കുർബാനയും.
കത്തീഡ്രൽ ഇന്ന് കാണുംവിധം പുതുക്കിപ്പണിതത് 1959ലാണ്. സഭാദ്ധ്യക്ഷനായിരുന്ന ഗീവർഗീസ് ദ്വിതീയൻ കാതോലിക്ക ബാബയായിരുന്നു പുതിയ പള്ളിക്ക് ശിലയിട്ടത്. മൂന്ന് വർഷം പണി നീണ്ടു. 1962 ജനുവരി 15ന് കൂദാശ നടന്നു. ഓർത്തഡോക്സ് വിശ്വാസികൾക്കായി കൊച്ചിയിൽ പിന്നീട് ഏഴ് പള്ളികൾ കൂടി ഉയർന്നു. ഇവയെല്ലാം സ്ഥാപിക്കാൻ സഹായിച്ചതിന് മുന്നിൽ നിന്നതും സെന്റ് മേരീസ് പള്ളിയായിരുന്നു.
ഓർത്തഡോക്ട് സഭയിൽ അമ്മ പള്ളിയെന്നാണ് സെന്റ് മേരീസ് കത്തിഡ്രലിനുള്ള വിശേഷണം. പേരിന് വഴിതുറന്നതും ഏഴ് പള്ളികളുടെ പിറവി തന്നെ. പള്ളിയുടെ വൈദികരായി സേവനം അനുഷ്ഠിച്ച പുരോഹിതരെല്ലാം സഭയെ നയിച്ചുവെന്നതും മറ്റൊരു ചരിത്രം. കാലം ചെയ്ത പൗലോസ് ബാവ, പിക്കോമിയോസ് മെത്രാപ്പൊലീത്ത, അങ്കമാലി ഭദ്രാസനത്തിന്റെ ചുമതലവഹിക്കുന്ന യൂഹാനോൻ മാൻ പോളിക്കാർപോസ് മെത്രാപ്പൊലീത്ത എന്നിവരാണ് വൈദികരായി സേവനം അനുഷ്ഠിച്ചിരുന്നത്.
ശതാബ്ദി ആഘോഷം ഉദ്ഘാടനം നാളെ
സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ ശതാബ്ദി ആഘോഷങ്ങൾ നാളെ വൈകിട്ട് 3.30ന് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. എറണാകുളം സെന്റ് മേരീസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യാക്കൂബ് മാർ ഐറേനനിയസ് അദ്ധ്യക്ഷനും സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യാതിഥിയുമാകും. അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്താ യൂഹാനോൻ മാർ പോളിക്കാർപോസ് അനുഗ്രഹ പ്രഭാഷണം നടത്തും. മേയർ എം. അനിൽകുമാർ സെന്റിനറി പ്രൊജക്ടിന്റെ ഉദ്ഘാടനം നിർവഹിക്കും.ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കൗൺസിലർ പദ്മജ എസ്. മേനോൻ എന്നിവർ സംസാരിക്കും.