കേരളത്തിനും വന്ദേഭാരത് സ്ലീപ്പര്‍ ലഭിക്കും; പരിഗണിക്കുന്നത് മൂന്ന് റൂട്ടുകള്‍, മുന്‍ഗണന ഈ സര്‍വീസിനും

Friday 03 October 2025 7:49 PM IST

തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയുടെ വന്ദേഭാരത് സ്ലീപ്പര്‍ ദീപാവലിക്ക് സര്‍വീസിന് ഒരുങ്ങുകയാണ്. ആദ്യ ഘട്ടത്തില്‍ കേരളത്തിന് ട്രെയിനുകളൊന്നും അനുവദിച്ചില്ലെങ്കിലും രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തിന് ഒരു പുതിയ ട്രെയിന്‍ ലഭിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. വന്ദേഭാരത് ചെയര്‍ കാറുകള്‍ വന്‍ ഹിറ്റായി ഓടുന്ന കേരളത്തിന് സ്ലീപ്പറും അനുവദിക്കണം എന്ന ആവശ്യം റെയില്‍വേയുടെ മുന്നില്‍ ഉണ്ട്. മൂന്ന് റൂട്ടുകളാണ് കേന്ദ്ര മന്ത്രിക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കോഴിക്കോട് - ബംഗളൂരു, കോഴിക്കോട് - ചെന്നൈ, തിരുവനന്തപുരം - മംഗളൂരു എന്നീ റൂട്ടുകളിലൊന്ന് പരിഗണിക്കണമെന്നാണ് കോഴിക്കോട് എംപി എംകെ രാഘവന്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതില്‍ റെയില്‍വേയ്ക്ക് താത്പര്യം തിരുവനന്തപുരം - മംഗളൂരു റൂട്ടില്‍ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കാനാണ്. കേരളത്തില്‍ ചെയര്‍ കാറുകള്‍ക്ക് തന്നെ നല്ല പ്രതികരണം ലഭിക്കുന്നത് അനുകൂല ഘടകമാണ്.

രാത്രി കാലത്ത് തിരുവനന്തുരം - മംഗളൂരു റൂട്ടില്‍ മൂന്ന് ട്രെയിനുകളാണ് പ്രതിദിന സര്‍വീസ് നടത്തുന്നത്. കോട്ടയം വഴിയുള്ള മലബാര്‍ എക്‌സ്പ്രസ് (16629, 16630), മംഗളൂരു/ ട്രിവാന്‍ഡ്രം എക്‌സ്പ്രസ് (16347,16348), ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന മാവേലി എക്‌സ്പ്രസ് (16603, 16604) എന്നിവയാണ് അത്. ഇൗ മൂന്ന് ട്രെയിനുകളിലും എല്ലാ ദിവസവും ടിക്കറ്റുകള്‍ വെയ്റ്റിംഗ് ലിസ്റ്റിലാണ്. രാത്രി കാലങ്ങളിലെ യാത്രയ്ക്ക് ഈ മൂന്ന് ട്രെയിനുകളിലും ടിക്കറ്റ് കിട്ടാത്ത സ്ഥിതിയില്‍ സ്വകാര്യ ബസുകളില്‍ അമിത നിരക്ക് കൊടുത്താണ് നിരവധി പേര്‍ യാത്ര ചെയ്യുന്നത്.

അതുകൊണ്ട് തന്നെ വന്ദേഭാരത് സ്ലീപ്പര്‍ ഈ റൂട്ടില്‍ അനുവദിച്ചാല്‍ അത് ഹിറ്റാകുമെന്ന കാര്യത്തില്‍ റെയില്‍വേയ്ക്കും സംശയമില്ല. പ്രീമിയം ട്രെയിനിലേക്ക് നല്ലൊരു പങ്ക് യാത്രക്കാരും മാറുമ്പോള്‍ മറ്റ് മൂന്ന് ട്രെയിനുകളിലും കൂടുതല്‍ ടിക്കറ്റുകള്‍ ഒഴിവ് വരികയും അത് യാത്രക്കാര്‍ക്ക് സൗകര്യമായി മാറുകയും ചെയ്യും.