കുട്ടികളിലെ കുറ്റകൃത്യം തടഞ്ഞ് 'കാവൽ' പദ്ധതി; നേർവഴിയിൽ ആയിരം പേർ

Friday 03 October 2025 8:48 PM IST

മലപ്പുറം: കുറ്റകൃത്യങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് പുനരധിവാസം നൽകുന്ന വനിതാ ശിശു വികസന വകുപ്പിന്റെ കാവൽ പദ്ധതിയുടെ ഭാഗമായി നിലവിൽ ജില്ലയിലുള്ളത് 239 പേർ. 1000ത്തിലധികം പേർക്ക് ഇതിനോടകം സേവനം ലഭിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ 300ഓളം പേർ പദ്ധതിയുടെ ഭാഗമായിരുന്നു. 21 വയസ് വരെയുള്ളവരാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. വിവിധ കേസുകളിൽ കുറ്റാരോപിതരായവരെ കൗൺസലിംഗിലൂടെയും നിരന്തര നിരീക്ഷണത്തിലൂടെയും പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയാണ് ലക്ഷ്യം.

പോക്‌സോ, മോഷണം, മയക്കുമരുന്ന് ഉപയോഗം, സൈബർ കേസുകൾ, പൊതുമുതൽ നശിപ്പിക്കൽ എന്നിവയാണ് ജില്ലയിൽ കൂടുതലായും ഉൾപ്പെടുന്നത്. കൗമാരക്കാർ ഉൾപ്പടുന്ന പോക്‌സോ കേസുകളിൽ ജില്ലയിൽ കൂടുതലും സ്‌നേഹ ബന്ധങ്ങൾ വഴിയാണെന്നാണ് റിപ്പോർട്ട്. കൂടാതെ, മുതിർന്നവരുമായുള്ള അനാവശ്യ കൂട്ടുകെട്ടുകളും കുട്ടികളെ ലഹരി ഉപയോഗത്തിലേക്ക് എത്തിക്കുന്നുണ്ട്. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാകുന്ന കുട്ടികൾക്ക് ഒബ്സർവേഷൻ ഹോമിലേയോ ചിൽഡ്രൻസ് ഹോമിലേയോ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകുകയും തുടർന്ന് ആവശ്യമെങ്കിൽ ഇവരെ പദ്ധതിയിൽ ഉൾപ്പെടുത്തുകയുമാണ് ചെയ്യുന്നത്. കുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ട് അവരെയും പദ്ധതിയുടെ ഭാഗമാക്കും. കൗൺസിലിംഗിന് പുറമെ, വിദ്യാഭ്യാസം, ലൈഫ് സ്‌കിൽ, മാനസികാരോഗ്യ പിന്തുണ, തൊഴിൽ പരിശീലനം, ഡി-അഡിക്ഷൻ പ്രോഗ്രാം എന്നിവ സന്നദ്ധ സംഘടനകൾ വഴി ലഭ്യമാക്കും. കാവൽ പദ്ധതി ആരംഭിച്ചതോടെ കുറ്റകൃത്യത്തിലേർപ്പെട്ട കുട്ടികൾ അവ വീണ്ടും ആവർത്തിക്കുന്നതിൽ കുറവ് വന്നിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.

നിരവധി കുട്ടികൾ കാവൽ പദ്ധതിയിലൂടെ ലഭിച്ച കൗൺസിലിംഗിലൂടെയും മറ്റും പുതിയ ജീവിതത്തിലേക്കെത്തി. ഓരോ കുട്ടിയ്ക്കും ആവശ്യമായ വ്യക്തിഗത പ്ലാൻ തയ്യാറാക്കിയാണ് പദ്ധതി മുന്നോട്ട് പോകുന്നത്.

പി.ഫവാസ്, ലീഗൽ കം പ്രൊബേഷൻ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ്

നിലവിൽ കാവൽ പദ്ധതിയിലുള്ളവർ - 239