കുടുംബശ്രീ 'ഹാപ്പി കേരളം' പദ്ധതി വിപുലമാക്കുന്നു

Friday 03 October 2025 8:49 PM IST

പെരിന്തൽമണ്ണ: കുടുംബശ്രീയുടെ 'ഹാപ്പി കേരളം'പദ്ധതി അർബൻ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു. നഗര മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണ സി.ഡി.എസിലെ തെക്കേക്കര എ.ഡി.എസിൽ 'ഹാപ്പി കേരളം'പദ്ധതി പരിപാടി സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയർപേഴ്സൺ പി. സീനത്ത് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷം 15 ഗ്രാമ സി.ഡി.എസുകളിലാണ് ഹാപ്പി കേരളം പദ്ധതി നടപ്പിലാക്കിയത്. തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, ശുചിത്വം, കല, സാഹിത്യം, കായികം, മാനസികാരോഗ്യം, പോഷകാഹാരം, ജനാധിപത്യ മൂല്യങ്ങൾ തുടങ്ങി വിവിധ മേഖലകളെ അടിസ്ഥാനമാക്കിയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ.

ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തിക്കൊണ്ട് ഓരോ കുടുംബവും സന്തോഷത്തിന്റെ കേന്ദ്രമാകണമെന്നാണ് 'ഹാപ്പി കേരളം'പദ്ധതിയുടെ ലക്ഷ്യം. കുടുംബതലസ്ഥിതി വിശകലനം, വിവിധ സാധ്യതകൾ കണ്ടെത്താൻ പദ്ധതി രൂപീകരണം, വിവിധ ഏജൻസികളുടെ സഹായത്തോടുകൂടിയുള്ള നിർവഹണം, ജനകീയ മോണിറ്ററിംഗ് എന്നിവ പദ്ധതിയുടെ പ്രവർത്തനങ്ങളാണ്. പദ്ധതി ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം ഹാപ്പി കേരളം റിസോഴ്സ് പേഴ്സൺമാർക്കായുള്ള രണ്ടാംഘട്ട പരിശീലനവും സംഘടിപ്പിച്ചിരുന്നു.

എൻ.യു.എൽ. എം പ്രതിനിധി സുബൈറുൾ അവാൻ, എഫ്.എൻ.എച്ച്.ഡബ്ലിയു ജില്ലാ ആർ.പി ആതിര, ഹാപ്പി കേരളം ആർ.പിമാർ, എ.ഡി.എസ് , സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കഴിഞ്ഞ ആഴ്ച നിലമ്പൂർ നഗരസഭ സി.ഡി.എസിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.