മുതിർന്ന മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് അന്തരിച്ചു

Saturday 04 October 2025 12:08 AM IST

ബംഗളൂരു: മുതിർന്ന മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് (തയ്യിൽ ജേക്കബ് സണ്ണി ജോർജ്, 97) അന്തരിച്ചു. ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകൾ ബംഗളൂരുവിൽ നടക്കും.

പത്രാധിപർ, കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോർജിനെ 2011ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്കാരം നേടിയിട്ടുണ്ട്. 1928 മേയ് 7ന് കോട്ടയം നാഗമ്പടത്ത് മജിസ്ട്രേട്ട് തയ്യിൽ തോമസ് ജേക്കബിന്റെയും ചാചിയമ്മ ജേക്കബിന്റെയും എട്ടുമക്കളിൽ നാലാമനായി ജനനം. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാദ്ധ്യമപ്രവർത്തനം നടത്തി.

1950ൽ മുംബയിലെ ഫ്രീ പ്രസ് ജേർണലിലൂടെയാണ് പത്രപ്രവർത്തനം തുടങ്ങിയത്. ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച് ലൈറ്റ്, ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യു എന്നിവയിലും പ്രവർത്തിച്ചു. ഏഷ്യാ വീക്കിന്റെ സ്ഥാപക പത്രാധിപരാണ്. ദി ന്യൂ ഇന്ത്യൻ എക്സ് പ്രസിൽ പോയിന്റ് ഓഫ് വ്യൂ എന്ന കോളമെഴുതി. ഭാര്യ പരേതയായ അമ്മു. മക്കൾ എഴുത്തുകാരനായ ജീത് തയ്യിൽ, ഷീബ തയ്യിൽ.