വയോസേവന പുരസ്‌കാരം പി.കെ.മേദിനി ഏറ്റുവാങ്ങി

Saturday 04 October 2025 12:22 AM IST

തൃശൂർ:ആജീവനാന്ത സംഭാവനയ്ക്കുള്ള വയോസേവന പുരസ്‌കാരം വിപ്ലവ ഗായികയും പുന്നപ്ര വയലാർ സ്വാതന്ത്ര്യ സമര സേനാനിയുമായ പി.കെ.മേദിനി മന്ത്രി ഡോ.ആർ.ബിന്ദുവിൽ നിന്ന് ഏറ്റുവാങ്ങി.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാടങ്ങുന്നതാണ് പുരസ്‌കാരം.മാനസികാരോഗ്യവും ശാരീരികാരോഗ്യവും നമ്മൾക്ക് ഓരോരുത്തർക്കും പ്രധാനമാണെന്നും അത് നല്ല രീതിയിൽ നിലനിറുത്തേണ്ടത് നമ്മുടെ നിലനിൽപ്പിന് അത്യാവശ്യമാണെന്നും പുരസ്‌കാരം ഏറ്റുവാങ്ങി മേദിനി പറഞ്ഞു.പുന്നപ്ര വയലാർ സമര ദിനങ്ങളെ ഓർമ്മിപ്പിക്കുന്ന റെഡ്‌സല്യൂട്ട് എന്ന കവിത ആലപിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.മികച്ച കോർപ്പറേഷനുള്ള പുരസ്‌കാരം കൊച്ചി കോർപ്പറേഷനും മികച്ച മുനിസിപ്പാലിറ്റിക്കുള്ള പുരസ്‌കാരം നെടുമങ്ങാട് നഗരസഭയും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും മികച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം ഒളവണ്ണ പഞ്ചായത്തും മന്ത്രിയിൽ നിന്ന് സ്വീകരിച്ചു.