ചികിത്സാ പിഴവ്; നാലാം ക്ലാസുകാരിയുടെ കൈ മുറിച്ചു മാറ്റി

Saturday 04 October 2025 12:23 AM IST

കൊല്ലങ്കോട്: കളിക്കുന്നതിനിടെ പരിക്കേറ്റ നാലാം ക്ലാസ് വിദ്യാർത്ഥിനിയുടെ വലത് കൈ മുറിച്ചു മാറ്റേണ്ടി വന്നത് പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലമെന്ന് പരാതി. പല്ലശ്ശന സ്വദേശികളായ വിനോദ്-പ്രസീദ ദമ്പതികളുടെ മകളും ഒഴിവ്‌പാറ എ.എൽ.പി സ്കൂൾ വിദ്യാർത്ഥിനിയുമായ വിനോദിനിയുടെ(9) കൈയാണ് മുറിച്ചു മാറ്റിയത്.

കൊഴിഞ്ഞാമ്പാറ വേലന്താവളത്തിനു സമീപത്താണ് കുടുംബം താമസിക്കുന്നത്. സെപ്തംബർ 24ന് കളിക്കുന്നതിനിടെ വീണു പരിക്കേറ്റതിനു തുടർന്ന് കുട്ടിയെ ആദ്യം ചിറ്റൂർ താലൂക്കാശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു. വലതു കൈത്തണ്ടയിലെ രണ്ട് എല്ലുകൾക്ക് പൊട്ടലുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് പ്ലാസ്റ്ററിട്ടു. വീട്ടിലെത്തിയെങ്കിലും വേദന സഹിക്കാൻ പറ്റാത്തതിനെ തുടർന്ന് 25ന് വീണ്ടും ഡോക്ടറെ കണ്ടു. തൊലി പൊട്ടിയതിനാൽ

വേദനയുണ്ടാകുമെന്ന് പറഞ്ഞ് പ്രാഥമിക ചികിത്സ നൽകി മടക്കി അയച്ചു. പ്ലാസ്റ്റർ ഇട്ട ഭാഗത്തു നിന്ന് പഴുപ്പും ദുർഗന്ധവും വമിച്ചതോടെ 28ന് വീണ്ടും ആശുപത്രിയിലെത്തി. എന്നാൽ ഇവിടെ കൂടുതൽ ചികിത്സ നൽകാനാകില്ലെന്നു പറഞ്ഞ് മടക്കി അയച്ചതായി കുട്ടിയുടെ അമ്മ പറ‍ഞ്ഞു.

30ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. പഴുപ്പ് പടർന്നതിനെ തുടർന്ന് ഇവിടെ വച്ചാണ് കൈ മുറിച്ചു മാറ്റിയത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കോ ജീവനക്കാർക്കോ സംഭവിച്ച പിഴയാണ് കൈ മുറിക്കാൻ കാരണമായതെന്ന് കുടുംബം ആരോപിച്ചു. അതേ സമയം ,കുട്ടിക്ക് പരിക്കേറ്റ ദിവസം തന്നെ ജില്ലാ ആശുപത്രിയിലെ ഓർത്തോ വിഭാഗം ഡോക്ടർമാരുടെ സേവനം അത്യാഹിത വിഭാഗത്തിൽ ലഭ്യമാക്കിയിരുന്നുവെന്ന് ആശുപത്രി ഡി.എം.ഒയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പൊട്ടിയ എല്ലുകൾക്ക് ഉചിതമായ ചികിത്സ നൽകി കൈയിലേക്ക് രക്തയോട്ടം ഉറപ്പ് വരുത്തിയിരുന്നു. പിറ്റേ ദിവസവും പരിശോധിച്ചു. . സെപ്തംബർ 30ന് എത്തുമ്പോഴേക്കും കൈയിൽ രക്തയോട്ടമില്ലാത്ത നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ ഡോ. പത്മനാഭൻ, ഡോ. കാവ്യ എന്നിവരെ ചുമതലപ്പെടുത്തി. ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.