സൈബർ തട്ടിപ്പിന് കേരളത്തിൽ 28000 മ്യൂൾ അക്കൗണ്ടുകൾ
തിരുവനന്തപുരം: ഡിജിറ്റൽ പണമിടപാടിനായി സൈബർ തട്ടിപ്പ് സംഘങ്ങൾ ഉപയോഗിക്കുന്ന മ്യൂൾ അക്കൗണ്ടുകൾ കേരളത്തിൽ പെരുകുന്നതായി റിപ്പോർട്ട്. മലപ്പുറം,എറണാകുളം,കാസർകോട്,തിരുവനന്തപുരം ജില്ലകളിലായി 28000ത്തിലേറെ മ്യൂൾ അക്കൗണ്ട് പ്രവർത്തിക്കുന്നതായി സൂചന. കേരളത്തിൽ ഈ വർഷം നടന്ന 431കോടിയുടെ സൈബർ തട്ടിപ്പിൽ 223കോടിയും കൈമാറിയത് മ്യൂൾ അക്കൗണ്ടുകളിലൂടെയാണെന്ന് സൂചന.
സ്വന്തം ബാങ്ക് അക്കൗണ്ട് അജ്ഞാത സംഘത്തിനോ വ്യക്തിക്കോ പണം കൈമാറ്റം ചെയ്യാൻ വാടകയ്ക്ക് കൊടുക്കുമ്പോഴാണ് അത് മ്യൂൾ അക്കൗണ്ടാവുന്നത്. തട്ടിപ്പിലെ ഇര അക്കൗണ്ടിലേക്ക് ഇടുന്ന പണം അജ്ഞാത സംഘം പിൻവലിക്കും.അതിനായി അവർക്ക് ഡെബിറ്റ്കാർഡും സിമ്മും നൽകണം. അതു വന്ന് വാങ്ങാൻ ഇടനിലക്കാരുണ്ട്.
ഡെബിറ്റ് കാർഡും മൊബൈൽ ആപ്പും ഉപയോഗിക്കുന്നത് പേര് വെളിപ്പെടുത്താത്തവരായിരിക്കും.അതുകൊണ്ടുതന്നെ ഒരു അക്കൗണ്ട് മ്യൂൾ ആണോയെന്ന് പരാതി വരുന്നതുവരെ സൈബർ പൊലീസിനോ ബാങ്ക് അധികൃതർക്കോ കണ്ടെത്താനാവില്ല.
അക്കൗണ്ട് ഇരകൾ
ചെറുപ്പക്കാർ
# അക്കൗണ്ട് വാടകയ്ക്ക് നൽകിയാൽ ട്രേഡിങ് നടത്തി വലിയ തുക സമ്പാദിക്കാമെന്നും മറ്റുമുള്ള വാഗ്ദാനങ്ങൾ നൽകിയാണ് ഇരകളെ വീഴ്ത്തുന്നത്. സാമൂഹിക മാദ്ധ്യമങ്ങളിൽ പാർട്ട് ടൈം / ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർത്ഥികളെയും യുവജനങ്ങളെയുമാണ് കെണിയിൽ വീഴ്ത്തുന്നത്
ഓരോ അക്കൗണ്ടിനും 5,000 മുതൽ 10,000 രൂപ വരെ പ്രതിമാസം വാടക നൽകും.
# സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകുന്നതാണ് മറ്റൊരു രീതി. അവരുടെ അക്കൗണ്ടുകളിലേക്ക് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോൾ കമ്മിഷൻ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാർ നിർദേശിക്കുന്ന അക്കൗണ്ടിൽ അയച്ചു നൽകുക എന്നതാണ് ജോലി.
#ആധാറും മൊബൈൽ നമ്പറുമുൾപ്പെടെയുള്ള കെ.വൈ.സി.രേഖകൾ കൃത്യമായി നൽകി തുടങ്ങിയ അക്കൗണ്ടുകളാണിവ. ഉപയോഗിക്കുന്നത് അക്കൗണ്ട് ഉടമ അല്ലെന്നു മാത്രം.
#പരാതികൾ പൊലീസിന് നൽകണം
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 1930 ൽ അറിയിക്കണം. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതികൾ രജിസ്റ്റർ ചെയ്യാം.
8.5 ലക്ഷം:
രാജ്യത്താകെയുള്ള
മ്യൂൾ അക്കൗണ്ടുകൾ
(ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ റിപ്പോർട്ട് പ്രകാരം)