മന്ത്രിയുടെ പ്രസ്‌താവന വസ്‌തുതാ വിരുദ്ധം: സിറോ മലബാർ സഭ

Saturday 04 October 2025 12:26 AM IST

കൊച്ചി: ഭിന്നശേഷി അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ക്രൈസ്‌തവ മാനേജുമെന്റുകൾക്കെതിരെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നടത്തുന്നത് വസ്‌തുതാവിരുദ്ധമായ പ്രസ്‌താവനകളാണെന്ന് സിറോ മലബാർ സഭ. ഭിന്നശേഷിക്കാർക്ക് നിഷ്‌കർഷിക്കുന്ന ഒഴിവുകൾ പൂർണമായും നികത്തിയാലേ മറ്റ് നിയമനങ്ങൾ അംഗീകരിക്കുകയും ശമ്പളം നൽകുകയും ചെയ്യൂവെന്നാണ് സർക്കാർ ഉത്തരവ്. ഇതുപ്രകാരം 1996 മുതൽ മൂന്നും 2018 മുതൽ നാല് ശതമാനവും ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി നീക്കിവച്ചു.

എന്നാൽ, പരസ്യങ്ങൾ നൽകിയിട്ടും യോഗ്യരായ ഭിന്നശേഷിക്കാരെ ലഭിച്ചില്ല. ഭിന്നശേഷി ഒഴിവുകൾ നിലനിറുത്തുകയും ബാക്കി നിയമനങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്യണമെന്നാണ് നിരന്തരം അഭ്യർത്ഥിച്ചതെന്ന് സഭാവക്താവ് ഫാ. ടോം ഓലിക്കരോട്ട് അറിയിച്ചു. 2018 മുതൽ ഭിന്നശേഷി ഉത്തരവിൽ കുരുങ്ങി പതിനാറായിരത്തിലധികം അദ്ധ്യാപകരാണ് നിയമനാംഗീകാരം ലഭിക്കാതെയും ജോലിചെയ്തിട്ടും ശമ്പളം ലഭിക്കാതെയും ദുരിതത്തിൽ കഴിയുന്നത്. അദ്ധ്യാപകർ അനുഭവിക്കുന്ന ദുരിതം മന്ത്രി പഠിച്ചിട്ടില്ലെന്നുള്ളത് നിരുത്തരവാദപരമായ പ്രസ്താവനകളിൽനിന്ന് വ്യക്തമാണെന്നും കുറ്റപ്പെടുത്തി.