ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് വാർഷിക പൊതുയോഗം
Saturday 04 October 2025 12:34 AM IST
ശിവഗിരി: ശ്രീനാരായണ ധർമ്മസംഘത്തിന്റെ 98-ാമത് വാർഷിക പൊതുയോഗം ശിവഗിരി മഠത്തിൽ ചേർന്നു.ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അവതരിപ്പിച്ച 2024 സെപ്റ്റംബർ ഒന്നുമുതൽ 2025 ഓഗസ്റ്റ് 31 വരെയുള്ള വാർഷിക പ്രവർത്തന റിപ്പോർട്ടും 2024-25 സാമ്പത്തിക വർഷത്തെ വരവു ചെലവു കണക്കുകളും ആഡിറ്റ് റിപ്പോർട്ടും പൊതുയോഗം ഏകകണ്ഠേന പാസാക്കി. മതപ്പോരുകൾ പെരുകി വരുന്ന ഇന്നത്തെ ലോകത്ത് ഗുരുദർശനത്തിന്റെ പ്രസക്തി ലോകത്തിന്റെ എല്ലാകോണിലും എത്തിക്കാൻ പ്രചരണപദ്ധതിക്ക് ധർമ്മസംഘം രൂപം നൽകുമെന്നും അതിന്റെ മുന്നോടിയായി ഒക്ടോബർ 14ന് ആസ്ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റിൽ സർവ്വമത സമ്മേളന ശതാബ്ദി സമ്മേളനം സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിരിക്കുകയാണെന്നും ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അറിയിച്ചു.