വിദ്യാർത്ഥികൾ സമ്മർദമില്ലാതെ പഠിക്കട്ടെ

Saturday 04 October 2025 12:00 AM IST

വിദ്യാർത്ഥികളിൽ പഠന വൈകല്യങ്ങൾ വിവിധ രീതിയിലാണ് കണ്ടുവരുന്നത്. പഠിക്കാൻ ബുദ്ധിമുട്ട്, വായിച്ചാൽ മനസിലാക്കാനുള്ള വിഷമം, തുടർച്ചയായി വായിക്കാനുള്ള ക്ഷമയില്ലായ്മ, മൈഗ്രൈൻ, വിട്ടുമാറാത്ത തലവേദന, ഉറക്കക്കുറവ്, സ്വഭാവത്തിലുള്ള വ്യതിയാനം, സുഹൃത്ബന്ധങ്ങൾ ഉപേക്ഷിക്കുക, പരീക്ഷകളിൽ മാർക്ക് കുറവ്, ക്ലാസിൽ ശ്രദ്ധിക്കാതിരിക്കുക മുതലായവ പഠന വൈകല്യത്തിന്റെ ലക്ഷണങ്ങളാണ്. അകാരണമായ സ്‌ട്രെസ് അഥവാ മാനസിക പിരിമുറുക്കമാണ് ഇതിനു വഴിയൊരുക്കുന്നത്. ഇത് ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ഉറക്കക്കുറവിനും മാനസിക രോഗങ്ങൾക്കും ഇടവരുത്തും.

സ്‌ട്രെസ് മാനേജ്‌മെന്റ്

............................................

വിദ്യാർത്ഥികളുടെ മേൽ താങ്ങാവുന്നതിലധികം പഠനഭാരം കൊടുക്കരുത്. ഇതിന് രക്ഷിതാക്കളും, വിദ്യാർത്ഥികളും അദ്ധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരുമിച്ച് പരിഹാരം കണ്ടെത്തേണ്ടതുണ്ട്.

രക്ഷിതാക്കൾ വിദ്യാർത്ഥികളുടെ മേൽ അമിതമായ പഠനഭാരം അടിച്ചേൽപ്പിക്കരുത്. അകാരണമായ ഭീതിപ്പെടുത്താൽ, പരീക്ഷകളെക്കുറിച്ചുള്ള നിരന്തരമായ ഓർമ്മപ്പെടുത്താൽ, എല്ലായ്‌പ്പോഴും പഠിക്കാനുള്ള പ്രേരണ എന്നിവ ഒഴിവാക്കണം. മറ്റു വിദ്യാർത്ഥികളുമായുള്ള താരതമ്യം ഉപേക്ഷിക്കണം.

അദ്ധ്യാപകർ വിദ്യാർത്ഥികളുടെ സ്വഭാവം വിലയിരുത്തിയുള്ള പഠനത്തിന് പ്രാമുഖ്യം നൽകണം. പരീക്ഷാപ്പേടി പരിഹരിക്കാനുള്ള ശ്രമം അദ്ധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകണം. വിദ്യാർത്ഥികളെ പരീക്ഷയുടെ പേരിൽ ഭീതിപ്പെടുത്തുന്ന പ്രവണതയും ഒഴിവാക്കണം.

ചിട്ടയോടെയുള്ള പഠനവും ജീവിതവും

ചിട്ടയോടെയുള്ള പഠനത്തിന് പ്രാധാന്യം നൽകണം. പരീക്ഷ അടുക്കുമ്പോഴുള്ള അടിയന്തിര പഠനം സ്‌ട്രെസ് വിളിച്ചു വരുത്തും. വിദ്യാർത്ഥി ദിവസേന 6 മണിക്കൂറെങ്കിലും ഉറങ്ങണം. രാത്രി മുഴുവൻ മൊബൈൽ ഫോണിലൂടെ സോഷ്യൽ മീഡിയയിലും ഗെയിമിലും സമയം കളയുന്ന ശീലമുണ്ടെങ്കിൽ ഒഴിവാക്കണം.

ലഹരി വസ്തുക്കൾ ഉപേക്ഷിക്കാനും, മികച്ച സുഹൃത്ബന്ധങ്ങൾ സ്ഥാപിക്കാനും വിദ്യാർത്ഥിയെ പ്രേരിപ്പിക്കണം. കളിക്കാനും, പഠിക്കാനും ടി.വി കാണാനും പത്രം വായിക്കാനുമെല്ലാം സമയം നീക്കിവയ്ക്കണം.

പ്രവേശന പരീക്ഷകൾ

.........................................

എൻട്രൻസുകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ വലിയ ടെൻഷൻ അനുഭവിക്കുന്നവരാണ്. മിക്ക കോച്ചിംഗ് കേന്ദ്രങ്ങളും ഇതിനു പ്രേരിപ്പിക്കുന്നുമുണ്ട്. എൻട്രൻസ് താല്പര്യമില്ലാത്ത വിദ്യാർത്ഥികളെ നിർബന്ധിച്ചു കോച്ചിംഗിനു വിടരുത്.

വിദ്യാർത്ഥിയുടെ കഴിവും കഴിവുകേടും വിലയിരുത്തണം. താല്പര്യം, അഭിരുചി, ലക്ഷ്യം എന്നിവയ്ക്ക് പ്രാധാന്യം നൽകണം. താങ്ങാൻ പറ്റാത്ത കോഴ്‌സുകളെടുക്കരുത്. വിദേശ പഠനത്തിന് വിദ്യാർത്ഥികളെ അകാരണമായി പ്രേരിപ്പിക്കരുത്. തുടർച്ചയായി പഠന വൈകല്യങ്ങൾ കാണിക്കുന്ന വിദ്യാർത്ഥികളെ കൗൺസിലിംഗിനു വിധേയമാക്കണം.