കെ.പി.സി.സി ഭാരവാഹി പട്ടിക ഉടൻ

Saturday 04 October 2025 2:23 AM IST

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. കെ.പി.സി.സി തയ്യാറാക്കിയ പട്ടികയിൽ ചില തിരുത്തലുകൾ വരുത്തി ബുധനാഴ്ച എ.ഐ.സി.സി ക്ക് കൈമാറിയിരുന്നു.എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ബംഗുളുരുവിലെ എം.എസ് രാമയ്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നതിനാലാണ് ഭാരവാഹി പട്ടികയ്ക്ക് അനുമതി കിട്ടാതിരുന്നത്.

48 ജനറൽ സെക്രട്ടറിമാരും ഒമ്പത് വൈസ് പ്രസിഡന്റുമാരും ട്രഷററും ഉൾപ്പെട്ടതാണ് കെ.പി.സി.സി കൈമാറിയ പട്ടിക. സെക്രട്ടറിമാരുടെ എണ്ണവും പേരും പിന്നീടേ പ്രഖ്യാപിക്കാൻ സാദ്ധ്യതയുള്ളൂ. ചില തർക്കങ്ങൾ നിൽക്കുന്നതിനാൽ ഡി.സി.സി അദ്ധ്യക്ഷന്മാരുടെ പ്രഖ്യാപനവും വൈകും.

23 ജനറൽ സെക്രട്ടറിമാരുണ്ടായിരുന്ന സ്ഥാനത്ത് 48 ആയി ഉയർത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്റുമാരുടെ എണ്ണം അഞ്ചിൽ നിന്ന് ഒമ്പതാക്കി. നിലവിൽ സെക്രട്ടറിമാർ ഇല്ല. ഒരു ജനറൽ സെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാർ എന്ന ക്രമത്തിൽ നിയമിക്കണമെന്ന നിർദ്ദേശം ചർച്ചയിൽ ഉയർന്നിരുന്നു. കെ.പി.സി.സി നൽകിയിട്ടുള്ള പട്ടിക അപ്പാടെ ഹൈക്കമാൻഡ് അംഗീകരിക്കുമോ എന്നതും കണ്ടറിയേണ്ടതാണ്. പലകുറി ചർച്ച നടത്തി അന്തിമരൂപം നൽകിയ പട്ടികയായതിനാൽ മാറ്രം വരാനുള്ള സാദ്ധ്യത വിരളമാണ്.