ഓപ്പൺ ജിമ്മിന് പ്രിയമേറി,​, വ്യായാമംചെയ്ത് പുതുക്കുളം

Friday 03 October 2025 11:39 PM IST

കോന്നി: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ പുതുക്കളത്ത് നിർമ്മിച്ച ഓപ്പൺ ജിമ്മിൽ പതിവായി വ്യായാമം ചെയ്യാൻ എത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ സാംസ്കാരിക നിലയത്തോടും വായനശാലയോടും ചേർന്നാണ് ഓപ്പൺ ജിം നിർമ്മിച്ചത്. ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 21 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു നിർമ്മാണം.ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ജില്ലയിലെ ആദ്യത്തെ ഓപ്പൺ ജിം ആണിത്.ഓടിട്ട് മനോഹരമാക്കിയ മേൽക്കൂരയോട് കൂടിയ വിശാലമായ ഓപ്പൺ ജിമ്മിൽ ആധുനിക ഫിറ്റ്നസ് ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്.മഴക്കാലം പരിഗണിച്ചാണ് ഓപ്പൺ ജിമ്മിന് മേൽക്കൂര ഒരുക്കിയിട്ടുള്ളത്. ഉപകരണങ്ങൾ തുരുമ്പെടുത്ത് പോകുമെന്ന പ്രശ്നത്തിനും ഇതിലൂടെ പരിഹാരമായി.വ്യായാമത്തിനുള്ള ഉപകരണങ്ങൾക്കൊപ്പം വിശ്രമിക്കാനുള്ള ഇടവും, വോക്ക് വേയും ജിമ്മിൽ ക്രമീകരിച്ചിട്ടുണ്ട്.1300 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുക്കിയിരിക്കുന്ന ഓപ്പൺ ജിമ്മും, വോക് വേയും തറയോട് പാകി മനോഹരമാക്കിയിട്ടുണ്ട്. ചുറ്റുമതിലും, പൗരാണികതയുടെ പ്രൗഡി വിളിച്ചോതുന്ന പ്രവേശന കവാടവും ഓപ്പൺ ജിമ്മിന് കൂടുതൽ മനോഹാരിതയേകുന്നു.

പുലർച്ചെ പ്രഭാത നടത്തത്തിന് എത്തുന്നവരും പ്രദേശത്തെ കുട്ടികളും കൂടുതലായി ജിമ്മിൽ എത്തുന്നുണ്ട്. തോട്ടം മേഖലയോട് ചേർന്ന സ്ഥിതി ചെയ്യുന്ന ജിമ്മിൽ തോട്ടം തൊഴിലാളികളുടെ മക്കളും എത്തുന്നു. ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ പുതുക്കുളത്തും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന നാട്ടുകാർ പതിവായി വ്യായാമം ചെയ്യുന്ന ശീലവും വർദ്ധിച്ചിട്ടുണ്ട്.

21 ലക്ഷം രൂപ ചെലവിൽ നിർമ്മാണം.

ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജില്ലയിലെ ആദ്യത്തെ ഓപ്പൺ ജിം ആണിത്.

ജിജോ മോഡി ( ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷൻ അംഗം)

----

ആധുനിക ഫിറ്റ്നസ് ഉപകരണങ്ങൾ

വിശ്രമിക്കാനുള്ള ഇടം

വോക്ക് വേ