മാലിന്യത്തടങ്ങളായി തണ്ണീർത്തടങ്ങൾ

Saturday 04 October 2025 12:40 AM IST
കനോലി കനാൽ

കോഴിക്കോട്: മാലിന്യ നിക്ഷേപം പതിവായതോടെ കുപ്പത്തൊട്ടിയായി മാറിയ കോഴിക്കോട്ടെ തണ്ണീർത്തടങ്ങളും കനോലി കനാലും നാശത്തിന്റെ വക്കിൽ. കൊതുക് വളർത്തു കേന്ദ്രങ്ങളായ ഇവ പകർച്ചവ്യാധി ഭീഷണിയുമുയർത്തുന്നു. കെെയേറ്റം കൊണ്ട് കോട്ടൂളി തണ്ണീർത്തടം ഏതാണ്ട് അപ്രത്യക്ഷമായി. സംരക്ഷിക്കണമെന്ന് കോടതിവിധിയുണ്ടായിട്ടും കോർപ്പറേഷൻ നടപടിയെടുക്കുന്നില്ല. സരോവരം മുതൽ തുടങ്ങുന്ന കോട്ടൂളി തണ്ണീർത്തടവും കനോലി കനാലും നികത്തിയാൽ നഗരം പൂർണമായും വെള്ളക്കെട്ടിലാകും. ഇപ്പോൾത്തന്നെ ഒറ്റമഴയ്ക്ക് കോഴിക്കോട് വെള്ളത്തിൽ മുങ്ങുകയാണ്. നഗരത്തിലെ ജലസംഭരണികളായ ഇവ നികത്തുന്നതിനെ തുടർന്നാണിത്. സരോവരത്തെ മാലിന്യനിക്ഷേപം പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് ഭീഷണിയാണ്. മൂക്കുപൊത്താതെ ഇതുവഴി കടന്നുപോകാനാകില്ല.

സരോവരം ബയോ പാർക്കിലെത്തുന്ന സന്ദർശക‌രും ദുർഗന്ധത്തിൽ വീർപ്പുമുട്ടുകയാണ്. വാഹനയാത്രക്കാർക്കും മൂക്കുപൊത്തേണ്ട സ്ഥിതി. കനാൽവഴിയിൽ ആശുപത്രി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളും വീടുകളും വിനോദ കേന്ദ്രവുമുണ്ട്. ദുർഗന്ധം ബിസിനസിനെ ബാധിക്കുന്നതായി വ്യാപാരികളും പറയുന്നു. സമീപത്തെ കിണറുകളും കുടിവെള്ള സ്രോതസുകളും മലിനപ്പെടുന്നതായും ആക്ഷേപമുണ്ട്. കനാൽ ജനകീയ പങ്കാളിത്തത്തോടെ ശുചിയാക്കി സംരക്ഷിക്കാൻ കോർപ്പറേഷനും ജില്ല ഭരണകൂടവും ശ്രമിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല. ഒരുകാലത്ത് തോണികളും ചങ്ങാടങ്ങളും കൊണ്ട് സജീവമായിരുന്നു കനോലി കനാൽ.

  • നികത്തൽ തു‌ടരുന്നു; കോ‌‌ടതി ഉത്തരവിന് പുല്ലുവില

പ്ളാസ്റ്റിക്, മറ്റ് ഖര, ദ്രാവക മാലിന്യം കൊണ്ട് കോട്ടൂളി തണ്ണീർത്തടത്തിൽ ജലജന്യ രോഗങ്ങൾക്കുള്ള സാദ്ധ്യതയുണ്ടെന്ന് പഠനസംഘം കണ്ടെത്തിയിരുന്നു. ദേശാടന കിളികൾക്കും മറ്റ് പക്ഷികൾക്കും വിശ്രമിക്കാനുള്ള രാത്രി താവളമാണ് ഇവിടം. ഹൈമാസ്റ്റ് വെളിച്ചം അവയെ ദോഷകരമായി ബാധിക്കുന്നു. തണ്ണീർതടത്തിന്റെ ഓരങ്ങളിൽ നിർമ്മാണ മാലിന്യവും മറ്റുമുപയോഗിച്ച് നികത്തൽ തുടരുന്നുവെന്നും സംഘം കണ്ടെത്തി. തണ്ണീർത്തടത്തിൽ നിർമ്മിച്ച കാലിക്കറ്റ് ട്രേഡ് സെന്റർ പൂട്ടണമെന്ന് സരോവരം പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെടുന്നു. ട്രേഡ് സെന്ററിനെതിരെ നടപടിയെടുക്കണമെന്ന് ഹെെക്കോടതി ഉത്തരവിറക്കിയിട്ട് മാസങ്ങളായി. കളക്ടർ, കോർപ്പറേഷൻ, വെറ്റ്‌ലാന്റ് അതോറിറ്റി എന്നിവർക്ക് പരാതി നൽകിയിട്ടും ഉത്തരവ് നടപ്പാക്കുന്നില്ലെന്നും അവർ പറഞ്ഞു.

കോട്ടൂളി തണ്ണീർത്തടം

വ്യാപ്തി 150 ഹെക്ടർ

പ്രതിവർഷ സേവനമൂല്യം 300 കോടി

അനധികൃത കെട്ടിടങ്ങൾ 40

തണ്ണീർത്തടം നശിപ്പിക്കുന്ന ഭൂമാഫിയക്കെതിരെ സർക്കാരും ഉദ്യോഗസ്ഥരും ശക്തമായ നിയമ നടപടിയെടുക്കണം.

-കെ.അജയലാൽ

സരോവരം പ്രകൃതി സംരക്ഷണ സമിതി