പാക് വനിതകൾക്കും കൈ കൊടുക്കില്ല

Friday 03 October 2025 11:42 PM IST

വനിതാ ലോകകപ്പിൽ ഇന്ത്യ -പാക് പോരാട്ടം നാളെ

കൊളംബോ : ഐ.സി.സി ഏകദിന വനിതാ ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം നാളെ കൊളംബോയിൽ നടക്കും. ഒരാഴ്ച മുമ്പുനടന്ന ഏഷ്യാകപ്പിൽ പാകിസ്ഥാൻ ക്യാപ്ടന് ഷേക് ഹാൻഡ് നൽകാനും പാകിസ്ഥാൻകാരനായ എ.സി.സി ചെയർമാനിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങാനും ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് തയ്യാറാകാത്തതിന്റെ അലയൊലികൾ അടങ്ങുംമുന്നേയാണ് വനിതകളുടെ പോരാട്ടം. ഇന്ത്യയാണ് ടൂർണമെന്റിന്റെ ഔദ്യോഗിക ആതിഥേയരെങ്കിലും പാകിസ്ഥാന്റെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടക്കുന്നത്.

വനിതകളുടെ പാകിസ്ഥാനുമായി ഷേക് ഹാൻഡ് നൽകില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ദേവ്‌ജിത്ത് സൈക്കിയ അറിയിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പുള്ള സാഹചര്യങ്ങൾ ഒട്ടും മെച്ചപ്പെട്ടിട്ടില്ലെന്നും കുറച്ചുകൂടി വഷളായെങ്കിലേ ഉള്ളൂവെന്നും അതിനാൽ ഇന്ത്യയുടെ നിലപാടിൽ ഒരു മാറ്റവുമില്ലെന്നും സൈക്കിയ പറഞ്ഞു.

ഇരു ടീമുകളുടേയും ടൂർണമെന്റിലെ രണ്ടാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചപ്പോൾ പാകിസ്ഥാൻ ബംഗ്ളാദേശിനോട് തോൽക്കുകയായിരുന്നു.

ആസാദ് കാശ്മീർ

വിവാദത്തിൽ സന മിർ

വനിതാ ലോകകപ്പ് കമന്റേറ്ററായ മുൻ പാക് ക്യാപ്ടൻ സന മിർ പാകിസ്ഥാനും ബംഗ്ളാദേശും തമ്മിലുള്ള മത്സരത്തിനിടെ പാക് അധിനിവേശ കാശ്മീറിനെ ആസാദ് കാശ്മീർ (സ്വതന്ത്ര കാശ്മീർ) എന്ന് വിശേഷിപ്പിച്ചത് വിവാദമായി.

പാക് ബാറ്റർ നതാലിയയുടെ ജന്മദേശത്തെക്കുറിച്ച് പറയുമ്പോഴാണ് ആസാദ് കാശ്മീർ എന്ന് എടുത്തുപറഞ്ഞത്. സനയെ കമന്റേറ്റർ പാനലിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.