കൊമ്പുകുലുക്കി കൊമ്പൻസ് വരുന്നു

Friday 03 October 2025 11:46 PM IST

പഴയ ക്യാപ്ടൻ , പുതിയ കോച്ച് ;

കിരീടത്തിടമ്പേറ്റാൻ കൊമ്പൻസ്

തിരുവനന്തപുരം : ആദ്യ സീസണിലെ പിഴവുകൾ തിരുത്തി സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ പുതിയ തുടക്കമിടാൻ തയ്യാറെടുത്ത് തിരുവനന്തപുരം കൊമ്പൻസ് എഫ്.സി എത്തുമ്പോൾ അമരത്ത് ആദ്യ സീസണിലെ നായകനായ ബ്രസീലുകാരൻ പാട്രിക് മോട്ട തന്നെ. എന്നാൽ അണിയറയിൽ തന്ത്രങ്ങൾ മെനയാൻ പുതിയ ആശാൻ ബ്രിട്ടീഷുകാരനായ ജെയിംസ് മക്‌ലൂൺ ആണുള്ളത്. യൂറോപ്പിലും ഓസ്ട്രേലിയയിലും കളിപ്പിച്ച് പരിചയമുള്ള മക്‌ലൂൺ വിയറ്റ്നാമിൽ നാമിൽ നിന്നാണ് സൂപ്പർ ലീഗ് കേരളയിലേക്ക് എത്തുന്നത്.

സെറ്റ്പീസ് സ്പെഷ്യലിസ്റ്റായ മോട്ടയ്ക്കൊപ്പം കഴിഞ്ഞ സീസണിലെ ടോപ്സ്കോററർമാരിലൊരാളായ മറ്റൊരു ബ്രസീലുകാരൻ ഓട്ടേമർ ബിസ്പോ,കേരള താരം ബിബിൻ ബോബൻ, മുൻ ഇന്ത്യൻ താരം സലാം രഞ്ജൻ സിംഗ് എന്നിവർ വൈസ് ക്യാപ്ടന്മാരായുണ്ട്. ബ്രസീലിയൻ താരങ്ങളായ ലൂറി ഡി കാർവാലോ ലിമ,ഫിലിപ്പെ അൽവേസ്, പൗലോ സിൽവ തുടങ്ങിയവർ സംഘത്തിലുണ്ട്. കോവളം എഫ്.സി താരങ്ങളായ അക്ഷയ്, ഷാഫി, മറ്റ് മലയാളി താരങ്ങളായ മുഹമ്മദ് സനൂത്ത്,ഷാനിദ്, ഷിനു,ഷിഹാദ്, അഷർ, വിഘ്നേഷ് എന്നിവരും കൊമ്പൻസിന്റെ നിരയിലുണ്ട്.

ആര്യൻ സരോഹയാണ് കൊമ്പൻസിന്റെ ഫസ്റ്റ് ഗോളി. ഐ ലീഗിൽ ബെംഗളുരു എസ്.സിയുടെ വലയം കാത്തിരുന്ന അസാംകാരൻ സത്യജിത് ബൊർദലോയ്, മുൻ ഇന്ത്യൻ ഗോൾകീപ്പർ രാജീവ് കുമാറിന്റെ മകൻ ശ്രീരാജ് രാജീവ് എന്നിവർ ഗോൾകീപ്പിംഗ് സംഘത്തിലുണ്ട്.

നാളെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്.സിയുമായാണ് കൊമ്പൻസിന്റെ ആദ്യ മത്സരം.ആദ്യ സീസണിൽ 10 മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രം ജയിക്കുകയും നാലുസമനില വഴങ്ങുകയും ചെയ്ത കൊമ്പൻസ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായി സെമിയിലെത്തിയിരുന്നു. എന്നാൽ അവിടെ കാലിക്കറ്റിനോട് ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തോറ്റ് പുറത്താവുകയായിരുന്നു.