3 സെഞ്ചൂറിയൻസ്

Friday 03 October 2025 11:48 PM IST

വിൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ കെ.എൽ രാഹുൽ, ധ്രുവ് ജുറേൽ , രവീന്ദ്ര ജഡേജ എന്നിവർക്ക് സെഞ്ച്വറി

ഇന്ത്യ 448/5,286 റൺസ് ലീഡ്

അഹമ്മദാബാദ് : ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന്റെ ദുർബലമായ ബാറ്റിംഗ് നിരയ്ക്ക് എതിരെ മൂന്ന് തകർപ്പൻ സെഞ്ച്വറികളുടെ അകമ്പടിയോടെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. അഹമ്മദാബാദിൽ ആദ്യ ഇന്നിംഗ്സിൽ 162 റൺസിന് ആൾഔട്ടായ വിൻഡീസിനെതിരെ രണ്ടാം ദിനം കളിനിറുത്തുമ്പോൾ 448/5 എന്ന നിലയിലാണ് ഇന്ത്യ. ഫസ്റ്റ് ഡൗൺ കെ. .എൽ രാഹുൽ (100),വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ (125),(104 നോട്ടൗട്ട്) എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറികൾ നേടിയത്.

ഇന്നലെ 121/2 എന്ന നിലയിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ലീഡ് നേടിയ ശേഷം വിൻഡീസിനെ അടിച്ചൊതുക്കുകയായിരുന്നു. 53 റൺസുമായി രാഹുലും 18 റൺസുമായി ഗില്ലുമാണ് ഇന്നലെ ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയത്. അർദ്ധസെഞ്ച്വറി തികച്ചതിന് പിന്നാലെ ടീം സ്കോർ 188ലെത്തിയപ്പോഴാണ് ഗിൽ മടങ്ങിയത്. തുടർന്ന് ധ്രുവ് ജുറേൽ കളത്തിലിറങ്ങി. ജുറേലിനെക്കൂട്ടി രാഹുൽ സെഞ്ച്വറിയിലെത്തിയപ്പോൾ 218/3 എന്ന നിലയിൽ ലഞ്ചിന് പിരിഞ്ഞു. ലഞ്ചിന് ശേഷമുള്ള ആദ്യ ഓവറിൽ രാഹുൽ പുറത്തായി.ജോമൽ വാരിക്കന്റെ പന്തിൽ ഗ്രീവ്സിന് ക്യാച്ച് നൽകിയാണ് രാഹുൽ പുറത്തായത്.

ഇതോടെയാണ് ജുറേലും ജഡേജയും ക്രീസിൽ ഒരുമിച്ചത്. ഇരുവരും ചേർന്ന് ചായസമയംവരെയുള്ള സെഷനിൽ വിക്കറ്റുകളയാതെ ബാറ്റുചെയ്തു. 326/4 എന്ന സ്കോറിൽ ചായയ്ക്ക് പിരിയുമ്പോൾ ഇരുവരും അർദ്ധസെഞ്ച്വറി പിന്നിട്ടിരുന്നു. ചായയ്ക്ക് ശേഷവും ഇവർ ആക്രമണം തുടർന്നു. അവസാന സെഷനിൽ പുതിയ പന്തെടുത്ത ശേഷമാണ് ജുറേൽ തന്റെ കന്നി സെഞ്ച്വറി തികച്ചത്. 190 പന്തുകളാണ് ശതകത്തിലെത്താൻ ജുറേലിന് വേണ്ടിവന്നത്. ടീം സ്കോർ 424ൽ വച്ച് ജുറേൽ മടങ്ങി. പകരമിറങ്ങിയ വാഷിംഗ്ടൺ സുന്ദറിനെ (9)ക്കൂട്ടി ജഡേജ സെഞ്ച്വറിയിലെത്തി.

204

റൺസാണ് ജഡേജയും ജുറേലും ചേർന്ന് ഇന്നലെ കൂട്ടിച്ചേർത്തത്. അഞ്ചാം വിക്കറ്റിലെ ഇന്ത്യയുടെ ഉയർന്ന രണ്ടാമത്തെ സ്കോറാണിത്.

കെ.എൽ രാഹുൽ

100 റൺസ്

197 പന്തുകൾ

12 ഫോറുകൾ

ധ്രുവ് ജുറേൽ

125 റൺസ്

210 പന്തുകൾ

15 ഫോറുകൾ

3 സിക്സുകൾ

രവീന്ദ്ര ജഡേജ

104*

176 പന്തുകൾ

6 ഫോറുകൾ

5 സിക്സുകൾ

2

ഈ വർഷം ഇത് രണ്ടാം തവണയാണ് ഒരു ഇന്നിംഗ്സിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ സെഞ്ച്വറിയടിക്കുന്നത്.ജൂണിൽ ലീഡ്സിൽ ഇംഗ്ളണ്ടിനെതിരെ ആദ്യ ടെസ്റ്റിൽ യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത് എന്നിവർ സെഞ്ച്വറിയടിച്ചിരുന്നു.

4

ഇത് നാലാം തവണയാണ് ടെസ്റ്റിൽ വിൻഡീസിനെതിരെ ഒരു ഇന്നിംഗ്സിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ സെഞ്ച്വറിയടിക്കുന്നത്. 1979,1986,2007 വർഷങ്ങളിലാണ് ഇതിനുമുമ്പ് ഇങ്ങനെ സംഭവിച്ചത്.

സിക്സർ ജഡേജ

ഇന്ത്യയ്ക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന താരങ്ങളുടെ പട്ടികയിൽ മുൻ നായകൻ ധോണിയെമറികടന്ന് ജഡേജ നാലാമതെത്തി. വിൻഡീസിനെതിരെ അഞ്ച് സിക്‌സർ നേടിയതോടെ ടെസ്റ്റിലെ ജഡേജയുടെ സിക്‌സറുകളുടെ എണ്ണം 80 ആയി . ധോണി 90 ടെസ്റ്റിൽ 78 സിക്‌സറുകളാണ് നേടിയത്.

സെവാഗും ഋഷഭ് പന്തുമാണ് 90 സിക്‌സറുകൾ നേടി ഇക്കാര്യത്തിൽ മുന്നിൽ. രോഹിത് ശർമയാണ് 88 സിക്‌സറുകളുമായി മൂന്നാമതുണ്ട്.