ഇന്ന് മുതല്‍ ബാങ്കുകളില്‍ ഈ മാറ്റം പ്രാബല്യത്തില്‍; പണം കിട്ടാനുള്ള കാലതാമസം ഒഴിവാകും

Saturday 04 October 2025 12:00 AM IST

കൊച്ചി: ചെക്കുകള്‍ അതാത് ദിവസം ക്‌ളിയറിംഗ് നടത്തുന്ന സംവിധാനം വാണിജ്യ ബാങ്കുകളില്‍ ഇന്ന് മുതല്‍ നടപ്പാകും. റിസര്‍വ് ബാങ്കിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്കുകള്‍ പാസാക്കുന്നതിന് നടപടി സ്വീകരിച്ചത്.

ഇന്ന് മുതല്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന ചെക്ക് സ്‌കാന്‍ ചെയ്ത് മാഗ്നെറ്റിക് ഇങ്ക് ക്യാരക്ടര്‍ റെക്കഗിനിഷന്‍ (എം.ഐ.സി.ആര്‍) ഡാറ്റയോടൊപ്പം ക്‌ളിയറിംഗ് ഹൗസുകളിലേക്ക് അയക്കും. പണം നല്‍കേണ്ട ബാങ്കിലേക്ക് ഈ രേഖകള്‍ അയക്കും. ബാങ്കിന്റെ അനുമതി ലഭിച്ചാല്‍ പണം ഉപഭോക്താവിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റാകും.

ചെക്ക് നല്‍കിയ ആളിന്റെ അക്കൗണ്ടില്‍ ആവശ്യമായ ബാലന്‍സ് ഉണ്ടാകണമെന്ന് മാത്രം. രാവിലെ പത്ത് മുതല്‍ വൈകിട്ട് ഏഴ് വരെ കണ്‍ഫര്‍മേഷന്‍ വിന്‍ഡോ പ്രവര്‍ത്തിക്കും. ഏഴ് മണിക്കുള്ളില്‍ പണം നല്‍കേണ്ട ബാങ്ക് അനുമതി നല്‍കിയില്ലെങ്കില്‍ ചെക്ക് ഓട്ടോമാറ്റിക്കായി പാസാകും. അടുത്ത വര്‍ഷം ജനുവരി മൂന്ന് മുതല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ചെക്ക് പാസാക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.