ജില്ലയിൽ മൂളിപ്പറന്ന് ഡെങ്കി ഭീതി

Saturday 04 October 2025 12:52 AM IST

കൊല്ലം: ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്നു. കഴിഞ്ഞ മാസം 29 വരെ 42 പേരാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ശക്തികുളങ്ങര, ഇടമുളയ്ക്കൽ, ഇളമാട്, ഉളിയക്കോവിൽ, നിലമേൽ, കടയ്ക്കൽ, തൃക്കോവിൽവട്ടം, പാലത്തറ, കെ.എസ് പുരം, നെടുവത്തൂർ, ചവറ, തെന്മല, ചിതറ മാങ്കോട്, നെടുമൺകാവ്, ഏരൂർ, തൃക്കരുവ, ഉമ്മന്നൂർ, ചിറക്കര, പാരിപ്പള്ളി, ചാത്തന്നൂർ, പെരുമൺ, കുളത്തൂപ്പുഴ, ആദിച്ചനല്ലൂർ, പുനലൂർ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തത്.

ആദ്യമായി ഡെങ്കി വരുന്നവരിൽ 80 ശതമാനം പേ‌ർക്കും ലക്ഷണങ്ങൾ പ്രകടമാകാറില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇക്കാരണത്താൽ ലക്ഷണം പ്രകടമാകാത്തവർക്ക് രണ്ടാം തവണ ഡെങ്കി വന്നാൽ ഗുരുതരമാകാൻ സാദ്ധ്യത ഏറെയാണ്. ഇടയ്ക്കിടെ പെയ്യുന്ന മഴ കാരണം രോഗവ്യാപന സാദ്ധ്യതയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും നിർദ്ദേശമുണ്ട്.

വെള്ളത്തിൽ മുട്ടയിട്ട് പെരുകും

 കൊതുക് നിയന്ത്രണമാണ് പ്രധാന പ്രതിരോധം

 വീടിനകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്

 ഇടയ്ക്കിടയ്ക്കുള്ള മഴ രോഗവ്യാപനമുണ്ടാക്കുന്നു

 സ്വയം ചികിത്സ പാടില്ല

 രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് പെട്ടന്ന് കുറയും

 പനി മാറിയാലും നാലു ദിവസമെങ്കിലും സമ്പൂർണ വിശ്രമം നിർബന്ധം

 ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ കഴിക്കാം

ലക്ഷണം

 പനിയോടൊപ്പം തലവേദന

 കണ്ണിന് വേദന

 പേശിവേദന

 സന്ധിവേദന

 ശരീരത്തിൽ ചുവന്ന് തടിച്ച പാടുകൾ

കഴിഞ്ഞ ആറ് മാസത്തെ കണക്ക്

ഏപ്രിൽ-38

മേയ്-176

ജൂൺ-154

ജൂലായ്-187

ആഗസ്റ്റ്-82

സെപ്തംബർ-42

വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. കൊതുകുകടി ഏൽക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം.

ആരോഗ്യവകുപ്പ് അധികൃതർ