കല്ലട ജലോത്സവത്തിൽ വലിയ ദിവാൻജി ജലരാജാവ്

Saturday 04 October 2025 12:55 AM IST

മൺറോത്തുരുത്ത്: കല്ലടയാറിന്റെ തീരങ്ങളെ ആവേശം കൊള്ളിച്ച് ഇഞ്ചോടിഞ്ച് പൊരുതി ആയാപറമ്പ് വലിയ ദിവാൻജി കല്ലട ജലോത്സവത്തിൽ ജേതാവായി. വേണാട് ബോട്ട് ക്ലബ് മൺറോയുടെ രാഹുൽ.ആർ.പിള്ളയാണ് ക്യാപ്ടൻ. അനുരാജ്, അരുൺ രാജ് എന്നിവർ ക്യാപ്ടനായ ഫ്രണ്ട്സ് ബോട്ട് ക്ലബിന്റെ ശ്രീവിനായകൻ രണ്ടാം സ്ഥാനത്തെത്തി.

ഇരുട്ടുകുത്തി എ വിഭാഗത്തിൽ ഉണ്ണി കുണ്ടറ വയലിൽ ക്യാപ്ടനായ മൂന്നു തൈയ്ക്കൻ ഒന്നാം സ്ഥാനവും സേതു ക്യാപ്ടനായ ഐത്തോട്ടുവ ഗുരുജി ബോട്ട് ക്ലബിന്റെ മാമ്മൂടൻ രണ്ടാം സ്ഥാനവും പടിഞ്ഞാറേക്കല്ലട അംബേദ്കർ ബോട്ട് ക്ലബിന്റെ പി.ജി.കർണൻ മൂന്നാം സ്ഥാനവും നേടി. ഇരുട്ടുകുത്തി ബി വിഭാഗത്തിൽ സൂരജ് സുവർണൻ ക്യാപ്ടനായ വില്ലിമംഗലം ബോട്ട് ക്ലബിന്റെ പൊഞ്ഞണത്തമ്മ ഒന്നാം സ്ഥാനവും ബി.ബി.സി പെരുങ്ങാലത്തിന്റെ ബൈജു.കെ.ജോസഫ് ക്യാപ്ടനായ ശരവണൻ രണ്ടാം സ്ഥാനവും പട്ടംതുരുത്ത് ചർച്ച് ബോട്ട് ക്ലബിന്റെ ബിബിൻ റാം ക്യാപ്ടനായ സെന്റ് ജോസഫ് മൂന്നാം സ്ഥാനവും നേടി. സന്തോഷ് അടൂരാൻ അണിയിച്ചൊരുക്കിയ കല്ലട ചുണ്ടൻ പ്രദർശന മത്സരം കാഴ്ചവച്ചു. അലങ്കാര വള്ളങ്ങളും ജലോത്സവത്തിന് മാറ്റ് കൂട്ടി. പി.സി.വിഷ്ണുനാഥ് എം.എൽ.എ ജലമേള ഉദ്ഘാടനം ചെയ്തു. മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ അദ്ധ്യക്ഷയായി. കൊടിക്കുന്നിൽ സുരേഷ് എം.പി സമ്മാനദാനം നിർവഹിച്ചു.