ശക്തികുളങ്ങരയിൽ ബോട്ടിൽ നിന്ന് പിടികൂടിയവരെ വിട്ടയച്ചു

Saturday 04 October 2025 12:56 AM IST

കൊല്ലം: കഴിഞ്ഞദിവസം ശക്തികുളങ്ങരയിൽ ബോട്ടിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികളെ പിടികൂടിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. കാർത്തിക എന്ന മത്സ്യബന്ധന ബോട്ടിൽ സംശയാസ്പദമായി ആളുകൾ എത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയാണ് ശക്തികുളങ്ങരയിൽ 15 പേരുമായെത്തിയ ബോട്ട് പിടികൂടിയത്. ഇവരിൽ എട്ടുപേർ ഒഡീഷക്കാരും ബാക്കി ഏഴുപേർ തമിഴ്നാട് സ്വദേശികളുമായിരുന്നു. ഇവരെ പിന്നീട് ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെത്തിച്ച് അധാർ കാർഡുകൾ പരിശോധിച്ചു. ഇത് കൃത്യമാണെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് വിട്ടയച്ചത്. പിടിച്ചെടുത്ത ബോട്ട് കോസ്റ്റൽ പൊലീസ് പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും ലഭിച്ചില്ല. എന്നാൽ ബോട്ടിന് ഫിഷിംഗ് ലൈസൻസ് ഉണ്ടായിരുന്നില്ല. ഇതിന്റെ തുടർനടപടിക്കായി ബോട്ട് ഫിഷറീസിന്റെ പക്കൽ സൂക്ഷിച്ചിരിക്കുകയാണ്.

ദളവാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ബോട്ടിൽ പോകുന്നവരെ കുറിച്ച് ബോട്ട് ഉടമകൾക്ക് പോലും കൃത്യമായി ധാരണയില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് വൈകിട്ട് ശക്തികുളങ്ങ കമ്മ്യൂണിറ്റി ഹാളിൽ വച്ച് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ ബോട്ട് ഉടമകളുടെ മീറ്രിംഗും വിളിച്ചിട്ടുണ്ട്.