വന്യമൃഗങ്ങളെയും പാമ്പുകളെയും മാത്രമല്ല, നാട്ടുകാർക്ക് ഇവയെയും പേടിക്കണം, ആക്രമണം ഉണ്ടായാൽ മരണത്തിന് വരെ സാദ്ധ്യത

Saturday 04 October 2025 2:56 AM IST

കല്ലറ: നാട്ടിൻപുറങ്ങളിൽ കാട്ടുപന്നി ഉൾപ്പെടെ വന്യമൃഗങ്ങളുടെ ശല്യത്തിനിടയ്ക്ക് തേനീച്ചകളും കടന്നലുകളും ജനങ്ങൾക്ക് ഭീഷണിയാകുന്നു. കൂറ്റൻ മരങ്ങളിലും കെട്ടിടങ്ങൾക്കും മുകളിൽ കൂടുകൂട്ടിയിരിക്കുന്ന തേനീച്ചകളെയും കടന്നലുകളെയും പിടിക്കാൻ പരിശീലനം നേടിയവരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. പാമ്പുകളെ പിടികൂടുന്നതുപോലെ കടന്നലുകളെ തുരത്താൻ വനംവകുപ്പിന് റെസ്‌ക്യൂ ടീമില്ല. മലയോരമേഖലയിൽ ഉൾപ്പെടെ ഇവയുടെ ശല്യത്താൽ പൊറുതിമുട്ടുകയാണ് ജനം. മുൻവർഷങ്ങളിലും തേനീച്ചയുടെയും കടന്നലുകളുടെയും ആക്രമണത്തിൽ പരിക്കേൽക്കുക പതിവാണെങ്കിലും ഇത്തവണ സ്ഥിതി ഗുരുതരമാണ്. തൊഴിലുറപ്പ് സ്ഥലങ്ങളിൽ ഉൾപ്പെടെ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിരവധി പേർക്കാണ് കടന്നൽക്കുത്തേറ്റത്. രണ്ടാഴ്ച മുമ്പ് കടന്നൽക്കുത്തേറ്റ് വളർത്തുനായ ചത്തിരുന്നു.

എപ്പോൾവേണമെങ്കിലും

ആക്രമിക്കാം

വലിയ കെട്ടിടങ്ങളിലും മരങ്ങളിലും പാലങ്ങളുടെ അടിയിലുമായി ഇവ കൂട്ടമായി കൂടുകൂട്ടിയിരിക്കുകയാണ്. നിനച്ചിരിക്കാത്ത നേരത്താണ് ഇവയുടെ ആക്രമണം. ശാന്തരായി കഴിയുന്ന ഇവയെ പലപ്പോഴും പരുന്തും കാക്കകളും ശല്യം ചെയ്യുമ്പോഴാണ് ആക്രമണകാരികളാകുന്നത്. ദേഷ്യം മുഴുവൻ സമീപത്ത് കാണുന്ന മനുഷ്യരോടും മൃഗങ്ങളോടുമായി തീർക്കും.

ആശ്രയം സ്വകാര്യ പരിശീലകർ

അപകടകാരികളായ തേനീച്ചകളുടെയും കടന്നലുകളുടെയും ശല്യം ശ്രദ്ധയിൽപ്പെട്ട് പലഭാഗങ്ങളിൽ നിന്ന് ബന്ധപ്പെടാറുണ്ടെന്ന് വനംവകുപ്പ് പറയുന്നു. എന്നാൽ സ്വകാര്യ ട്രെയിനറെ ബന്ധപ്പെടാൻ അറിയിക്കുകയാണ് ചെയ്യുന്നത്. 5000 രൂപ മുതലാണ് ഇവരുടെ സർവീസ് ചാർജ്. കൂടാതെ വാഹനത്തിൽ കൊണ്ടുവരണം. കടന്നലുകൾ ഇളകിയാൽ പ്രദേശം മുഴുവൻ വ്യാപിക്കും. പുകശല്യം ഏറിയാലും സ്ഥിതി ഗുരുതരമാകും. കുത്തേൽക്കുന്നത് മരണത്തിനുവരെ ഇടയാക്കും. പ്രതിരോധ കുത്തിവയ്പ്പാണ് രക്ഷാമാർഗം. രക്ഷപ്പെടൽ പ്രയാസമാണ്.

ശ്രദ്ധ തിരിച്ച് ഇരകളെ രക്ഷപ്പെടുത്താൻ ബുദ്ധിമുട്ട്

വെള്ളത്തിൽ മുങ്ങിക്കിടക്കുക മാത്രം ഏക പോംവഴി

നൂറുകണക്കിന് കടന്നലുകൾ ഒരേ സമയം ആക്രമിക്കുന്നു