'വിദ്യാഭ്യാസ മന്ത്രിയുടേത് ഭീഷണിയുടെ സ്വരം, പ്രസ്‌താവന യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ല'; പ്രതിഷേധം അറിയിച്ച് ഓർത്തഡോക്‌‌സ് സഭ

Saturday 04 October 2025 8:34 AM IST

കോട്ടയം: എയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണത്തിൽ പ്രതിഷേധം അറിയിച്ച് ഓർത്തഡോക്‌സ് സഭയും രംഗത്തെത്തി. സ്കൂളുകൾ പ്രതിസന്ധിയിലെന്നാണ് കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാ‍ർ ദീയസ്കോറോസ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു. സർക്കാർ പറഞ്ഞ സീറ്റുകൾ ഭിന്നശേഷിക്കാർക്ക് വേണ്ടി ഒഴിച്ചിട്ടിട്ടുണ്ട്. നിർദേശങ്ങൾ നടപ്പിലാക്കാനുളള ഉത്തരവാദിത്വവും സർക്കാരിനുണ്ട്. ഭിന്നശേഷി നിയമനങ്ങൾ നടത്താൻ പരസ്യം കൊടുക്കുന്നുണ്ട്. പല വിഷയങ്ങളിലേക്കും ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളെ കിട്ടുന്നില്ലെന്നും കോട്ടയം ഭദ്രാസനാധിപൻ പറഞ്ഞു.

വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെയും അദ്ദേഹം വിമ‍ർശനമുയർത്തി. വിദ്യാഭ്യാസ മന്ത്രി നടത്തുന്ന പ്രസ്താവനകൾ യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ല. ഈ വിഷയത്തെ ക്രൈസ്തവ സഭകൾ രാഷ്ട്രീയമായി കാണുന്നില്ല. ആവശ്യങ്ങൾ ഉന്നയിക്കുന്നത് സമരമുറയും അല്ല. മന്ത്രിയുടെ പ്രസ്താവനകളിൽ ഭീഷണിയുടെ സ്വരമാണെന്നും അത് എന്തിനാണന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രി വാസ്തവ വിരുദ്ധമായ പ്രസ്താവനകൾ നടത്തരുത്. ഓരോ കാര്യങ്ങൾ പറയും മുമ്പ് മന്ത്രി അതിനെപ്പറ്റി ചിന്തിക്കണം. എൻഎസ്എസിന് കിട്ടിയ വിധിയുടെ മാനദണ്ഡം എല്ലാവർക്കും പാലിക്കണം. കോടതി വിധി എല്ലാവരും പാലിച്ചാൽ പ്രശ്നങ്ങൾ തീരും. എന്തിനാണ് ക്രൈസ്തവ സഭകൾ കോടതിയിൽ പോകണമെന്ന വാശി മന്ത്രി കാണിക്കുന്നതെന്നും യൂഹാനോൻ മാ‍ർ ദീയസ്കോറോസ് ചോദിച്ചു.