'വാതിൽ നിർമിക്കാൻ ആവശ്യപ്പെട്ടത് ദേവസ്വം, ജയറാമിന്റെ വീട്ടിൽ കയറിയത് വിശ്രമിക്കാൻ'; ആരോപണങ്ങളെല്ലാം തള്ളി ഉണ്ണികൃഷ്‌ണൻ പോറ്റി

Saturday 04 October 2025 8:50 AM IST

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ച് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. ശ്രീകോവിലിന് പുതിയ വാതിൽ നിർമിക്കാൻ ആവശ്യപ്പെട്ടത് ദേവസ്വമാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി വെളിപ്പെടുത്തി. നിലവിലുള്ള വാതിൽ അടയ്ക്കാൻ ബുദ്ധിമുട്ടാണെന്ന് കാണിച്ചായിരുന്നു തന്നെ സമീപിച്ചതെന്നും അഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് അത് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ബം​ഗളൂരു സ്വദേശിയായ ഗോവർദ്ധൻ ആണ് എല്ലാ ചെലവും ഏറ്റെടുത്തത്. മറ്റാരുടോയും സ്വർണമോ പണമോ അതിനായി ഉപയോഗിച്ചിട്ടില്ല. വാതിൽ പാളി നിർമ്മിച്ചതിനുശേഷം ചെന്നൈയിൽ തന്നെ ഒരു ദിവസം പൂജ നടത്തി എന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. പോകുന്ന വഴിയിൽ നടൻ ജയറാമിന്റെ വീട്ടിൽ കയറിയത് വിശ്രമത്തിന് ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം,​ ഉണ്ണികൃഷ്ണൻ പൊറ്റിയെ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ ഇന്ന് ചോദ്യം ചെയ്യാൻ സാദ്ധ്യതയില്ലെന്നാണ് വിവരം. രണ്ടുദിവസം മുമ്പ് തിരുവനന്തപുരത്തെ വീട്ടിലെത്തിയ ഉണ്ണിക്കൃഷ്ണനെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതിനായി നോട്ടീസ് നൽകിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തേ തിരുവനന്തപുരത്തും ബംഗളൂരുവിലുമായി രണ്ട് തവണ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുത്തിരുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ആവശ്യം വന്നാൽ പിന്നീട് വിളിപ്പിക്കും എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.