'സ്വർണപ്പാളി കൊണ്ടുപോയത് ഉണ്ണികൃഷ്‌ണൻ പോറ്റിയല്ല, വാറണ്ടി അദ്ദേഹത്തിന്റെ പേരിലായതിനാൽ മാത്രം വിളിച്ചുവരുത്തി'

Saturday 04 October 2025 9:46 AM IST

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. കൃത്യമായ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് സ്വർണം ചെന്നൈയിലേക്ക് കൊണ്ടുപോയത്. 40 വർഷത്തെ വാറണ്ടി ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ പേരിലായതിനാൽ മാത്രമാണ് അദ്ദേഹത്തെ അവിടെ വിളിച്ച് വരുത്തിയതെന്നും പ്രശാന്ത് പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പിഎസ് പ്രശാന്ത് പറഞ്ഞത്:

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് ലഭിച്ച പിന്തുണയാണ് ഇത്തരം ആരോപണങ്ങൾ ഉയർന്നുവരാൻ കാരണം. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ പ്രതിപക്ഷവും ബിജെപിയും സുവർണാവസരമായി കാണുകയാണ്. ഇന്നലെ ദേവസ്വം മന്ത്രി വിഎൻ വാസവനുമായി ഞാൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു. 1998ലാണ് വിജയ് മല്യ സ്വർണം പൂശുന്നത്. അന്ന് മുതൽ ഞാൻ ദേവസ്വം പ്രസിഡന്റ് ആകുന്നത് വരെയുള്ള കാര്യങ്ങൾ അത് സ്വർണത്തിന്റെയോ അതിന്റെ തൂക്കത്തിന്റെയോ ഇത്തരം അവതാരങ്ങളുടെയോ കാര്യമാകട്ടെ അതിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് കോടതിയിൽ ആവശ്യപ്പെടാൻ പോകുന്നത്. തൊട്ടടുത്ത ദിവസം തന്നെ അത് ആവശ്യപ്പെടും.

ഇപ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സ്വർണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയത്. അതിൽ ഒരു പാളിച്ചയും ദേവസ്വം ബോർഡിന് സംഭവിച്ചിട്ടില്ല. തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തിൽ അവിടെയെത്തി ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെയും വിജിലൻസിന്റെയും സാന്നിദ്ധ്യത്തിൽ കൃത്യമായി വീഡിയോ ചിത്രീകരിച്ച് തുടക്കത്തിലും അവസാനവും മഹസർ തയ്യാറാക്കി സുരക്ഷിതമായ വാഹനത്തിൽ പൊലീസ് അകമ്പടിയോടെയാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. തിരുവാഭരണം കമ്മീഷണർ വാഹനത്തിലുണ്ടായിരുന്നു.

സ്‌പോൺസർ ഉണ്ണികൃഷ്‌ണൻ പോറ്റിയോട് ചെന്നൈയിൽ വരാനാണ് ഞങ്ങൾ പറഞ്ഞത്. അല്ലാതെ അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തുവിട്ടിട്ടില്ല. എല്ലാത്തിനും കൃത്യമായ രേഖകളുണ്ട്. രണ്ട് ദ്വാരപാലകന്മാരുടെയും കൂടെ 14 പാളികളിലായി 38 കിലോഗ്രാം സ്വർണമാണ് തിരുവാഭരണം കമ്മീഷണർ രേഖപ്പെടുത്തിയിരിക്കുന്നത്. 397 ഗ്രാം സ്വർണത്തിന്റെ സാന്നിദ്ധ്യമാണ് ഇതിലുണ്ടായിരുന്നത്. ഇതിൽ 12 പാളികൾ മാത്രമാണ് കൊണ്ടുപോയത്. അതിലുണ്ടായിരുന്ന സ്വർണത്തിന്റെ അംശം 281 ഗ്രാമാണ്. 22 കിലോഗ്രാം തൂക്കം അതിനുണ്ടായിരുന്നു. വെറും പത്ത് ഗ്രാം സ്വർണമാണ് ഇതിന്റെ നവീകരണത്തിനായി ചെന്നൈയിൽ വച്ച് ആവശ്യമായി വന്നത്. പിന്നീട് കോടതിയുടെ ഉത്തരവനുസരിച്ച് ഞങ്ങളിത് തിരിച്ചുകൊണ്ടുവന്നു. ഇപ്പോഴത് 291 ഗ്രാമാണ്. അതിവിടെ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണ്.

ചെന്നൈയിലേത് ആധികാരികമായ സ്ഥാപനമാണ്. ഇതിന് 40 വർഷത്തെ വാറണ്ടിയുണ്ട്. അത് ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ പേരിലാണ്. അതിനാലാണ് സ്‌പോൺസറായ അദ്ദേഹത്തിന്റെ സേവനം തേടിയത്. ഇപ്പോൾ വെറും പത്ത് ഗ്രാമാണ് അദ്ദേഹം നൽകിയത്. ഞങ്ങൾക്ക് ഒന്നും മറയ്‌ക്കാനില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. അതിനാൽ ഞങ്ങൾക്കിത് കോടതിയിൽ മാത്രമേ പറയാൻ സാധിക്കുകയുള്ളു.

പ്രതിപക്ഷ നേതാവ് പറയുന്നതെല്ലാം വെറും മണ്ടത്തരമാണ്. ഒരു വിഷയത്തെക്കുറിച്ച് പറയുമ്പോൾ പഠിച്ചിട്ട് പറയണം. അവരും ഭരിച്ചിട്ടുണ്ട്. ദേവസ്വം വിജിലൻസിനെ ഭയന്ന് ഇറങ്ങിയോടിയ ചിലരെക്കുറിച്ചൊന്നും പറയിപ്പിക്കരുത്. ആ അവസ്ഥ ഞങ്ങൾക്ക് വന്നിട്ടില്ല. ഏത് അന്വേഷണം ആവശ്യപ്പെടാനും ഞങ്ങൾക്ക് മടിയില്ല.