വൈകാതെ ഒരു ലക്ഷവും കടക്കും; പവന് 640 രൂപ കൂടി, ഇന്ന് സ്വർണം വാങ്ങാൻ പോകുന്നവർ ശ്രദ്ധിക്കണം

Saturday 04 October 2025 10:26 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വൻവർദ്ധനവ്. ഇന്ന് പവന് 640 രൂപ കൂടി 87,560 രൂപയും ഗ്രാമിന് 80 രൂപ കൂടി 10,945 രൂപയുമായി. ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പവന് 86,920 രൂപയും ഗ്രാമിന് 10,865 രൂപയുമായിരുന്നു. ഈ മാസത്തെ ഏ​റ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയത് ഒക്‌ടോബർ മൂന്നിനായിരുന്നു. അന്ന് പവന് 56,560 രൂപയും ഗ്രാമിന് 10,820 രൂപയുമായിരുന്നു. കഴിഞ്ഞ മാസം തുടക്കംമുതൽ സ്വർണവിലയിൽ വൻ വർദ്ധനവാണുണ്ടായത്.

ആഗോള വിപണിയിലുണ്ടായ പെട്ടെന്നുളള മാറ്റമാണ് സ്വർണവില കുതിച്ചുയരാൻ കാരണമായത്. യുഎസ് ഡോളർ ദുർബലമാകുന്നത് ഉൾപ്പെടെ സ്വർണവില ഉയരാൻ കാരണമാകുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണ വിലയിൽ പ്രതിഫലിക്കും. നവരാത്രിയും മഹാനവമിയും ദീപാവലിയും ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളും സ്വർണത്തിന്റെ ഡിമാന്റ് ഉയർത്തിയിട്ടുണ്ട്.

സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

  • യുഎസ് പണപ്പെരുപ്പം, പലിശ നിരക്കുകൾ.
  • രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ.
  • വൻകിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങൾ.
  • ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ.
  • രൂപയുടെ മൂല്യത്തിലെ അസ്ഥിരത.
  • വിവാഹ സീസൺ, ദസറ, ദീപാവലി പോലുള്ള ആഘോഷ സമയങ്ങളിൽ സ്വർണത്തിനുള്ള വർദ്ധിച്ച ആവശ്യം.
  • ഒരു സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പരിഗണിക്കുന്നത്.