ഇന്ത്യ-വെസ്റ്റിൻഡീസ് ഒന്നാം ടെസ്റ്റ്: മൂന്നാം ദിനം ഇന്ത്യക്ക് 286 റൺസിന്റെ ലീഡ്, വിൻഡീസിന് കൂട്ടതകർച്ച
അഹമ്മദാബാദ്: ഇന്ത്യ-വെസ്റ്റിൻഡീസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മൂന്നാം ദിനം തകർപ്പൻ നീക്കവുമായി ഇന്ത്യ. ആദ്യ ഇന്നിംഗ്സിൽ 162 റൺസിന് ആൾഔട്ടായ വിൻഡീസിനെതിരെ രണ്ടാം ദിനം കളിനിറുത്തുമ്പോൾ 448/5 എന്ന നിലയിലായിരുന്നു ഇന്ത്യ. മൂന്നാം ദിനം കളി തുടങ്ങിയ ഉടൻ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. ഇതോടെ ഇന്ത്യക്ക് വെസ്റ്റിൻഡീസിനെതിരെ 286 റൺസിന്റെ നിർണായക ലീഡായി. മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് കൂട്ടതകർച്ചായാണ് നേരിടുന്നത്. ഒടുവിലത്തെ വിവരമനുസരിച്ച് 20 ഓവറിൽ അമ്പത് റൺസ് തികയുന്നതിനു മുമ്പ് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് വിൻഡീസ്.
ടാഗെനറൈൻ ചന്ദർപോളിനെ എട്ട് റൺസിന് പുറത്താക്കി മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്ന് വിൻഡീസ് കൂട്ട തകർച്ചയിലേക്ക് പോകുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ജഡേജയാണ് മുന്നിട്ടു നിൽക്കുന്നത്.
അതേസമയം ആദ്യ ഇന്നിംഗ്‌സിൽ മൂന്ന് ഇന്ത്യൻ താരങ്ങളാണ് സെഞ്ച്വറി നേടി തിളങ്ങിയത്. ഫസ്റ്റ് ഡൗൺ കെ. എൽ രാഹുൽ (100), വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ (125), ജഡേജ (104 നോട്ടൗട്ട്) എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറികൾ നേടിയത്. ഈ വർഷം ഇത് മൂന്നാം തവണയാണ് മൂന്ന് ഇന്ത്യൻ ബാറ്റ്സ്മാൻമാർ ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ സെഞ്ച്വറി നേടുന്നത്.
ഈ വർഷം ഇത് രണ്ടാം തവണയാണ് ഒരു ഇന്നിംഗ്സിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ സെഞ്ച്വറിയടിക്കുന്നത്. ലീഡ്സിൽ ഇംഗ്ളണ്ടിനെതിരെ ആദ്യ ടെസ്റ്റിൽ യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത് എന്നിവർ സെഞ്ച്വറിയടിച്ചപ്പോൾ മാഞ്ചസ്റ്റർ ടെസ്റ്റിൽ ഗിൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നിവരും സെഞ്ച്വറി നേടി തങ്ങളുടെ കരുത്ത് തെളിയിച്ചിരുന്നു. നാലാം തവണയാണ് ടെസ്റ്റിൽ വിൻഡീസിനെതിരെ ഒരു ഇന്നിംഗ്സിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ സെഞ്ച്വറിയടിക്കുന്നത്. 1979,1986,2007 വർഷങ്ങളിലാണ് ഇതിനുമുമ്പ് ഇങ്ങനെ സംഭവിച്ചത്.