സംസ്ഥാനത്ത് പേവിഷബാധയേറ്റ് വീണ്ടും മരണം; പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന 65കാരി മരിച്ചു

Saturday 04 October 2025 10:48 AM IST

പത്തനംതിട്ട: പത്തനംതിട്ടയില്‍ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് (65) കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. ഓണത്തിന് കൊച്ചുമക്കളുടെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് നായയുടെ കടിയേറ്റത്. അവസാന ഡോസ് വാക്സിനും എടുത്തിരുന്നു. അതിനുശേഷമാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ പനി കടുത്തതോടെ കൃഷ്ണമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തെരുവുനായ ആക്രമിച്ചപ്പോൾ കൃഷ്ണമ്മ നിലത്തുവീഴുകയും തുടർന്ന് മുഖത്ത് കടിയേൽക്കുകയായിരുന്നു. കൃഷ്ണമ്മയെ കടിച്ച നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി.

കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ കേരളത്തില്‍ പേവിഷബാധയേറ്റ് 23 പേരാണ് മരണത്തിന് കീഴടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പേവിഷബാധ മൂലമുള്ള മരണങ്ങളില്‍ കഴിഞ്ഞ വർഷത്തേക്കാൾ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് രേഖകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. അതിനിടയിലാണ് വീണ്ടും പേവിഷബാധയേറ്റ് മരണം സംഭവിച്ചത്.