'അയ്യപ്പ വിഗ്രഹം അടിച്ചുമാറ്റിയില്ല എന്നതിനാലാണ് സർക്കാരിനോട്  നന്ദി പറയാനുള്ളത്, കുറച്ച് സമയം കൂടി കിട്ടിയിരുന്നെങ്കിൽ അതും ചെയ്‌തേനെ'

Saturday 04 October 2025 11:08 AM IST

തിരുവനന്തപുരം: സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് നടക്കുന്നതെന്നും സർക്കാരും ദേവസ്വം ബോർഡും മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. വിജയ് മല്യ നൽകിയ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്നും അദ്ദേഹം ചോദിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി ആരാണെന്ന ചോദ്യത്തിന് സർക്കാരിനോ ദേവസ്വം ബോർഡിനോ മറുപടിയില്ല. ദേവസ്വം മന്ത്രി വി എൻ വാസവനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും അടിയന്തരമായി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 'ഇപ്പോഴത്തെ ദേവസ്വം മന്ത്രിയ്ക്കും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡിന്റെ ഇപ്പോഴത്തെയും നേരത്തെയുള്ള പ്രസിഡന്റുമാർക്കുമെതിരെ സിബിഐ അന്വേഷണം വേണം. കാരണം ഇത് സംസ്ഥാനത്ത് പുറത്തുകൊണ്ടുപോയതാണ്. ഇവിടത്തെ പൊലീസിന്റെ പരിധിയിൽ നിൽക്കില്ല. ഇവിടത്തെ പൊലീസുകാരെ ആർക്കും വിശ്വാസവുമില്ല. സിബിഐ അന്വേഷണമില്ലെങ്കിൽ യുഡിഎഫ് അതിശക്തമായ പ്രതിഷേധത്തിലേക്ക് വരും.

സ്വർണത്തിൽ കുറവ് വരുത്തിയിരിക്കുന്നുവെന്നതിന് ദേവസ്വം ബോർഡ് പരിശോധനയിൽ തന്നെ രേഖയുണ്ട്. അത് മൂടിവച്ചെന്നതാണ് പ്രശ്നം. സ്വർണം എവിടെപ്പോയി? ദേവസ്വം ബോർഡിന്റെ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് ഇതിന്റെ ഷെയർ കിട്ടിയിട്ടുണ്ട്. കൂട്ടുകച്ചവടമാണ് നടന്നിരിക്കുന്നത്. എന്തിനാണ് മൂടിവച്ചത്? എന്തുകൊണ്ട് അന്വേഷണം നടത്തിയില്ല? ഇതേ കളവ് നടത്തിയ ആളുകളെ എന്തിന് ക്ഷണിച്ചുവരുത്തി? ഈ മൂന്ന് ചോദ്യങ്ങൾക്കും മറുപടി വേണം. അയ്യപ്പ വിഗ്രഹം അടിച്ചുമാറ്റിയില്ല എന്നതിനാലാണ് സർക്കാരിനോട് ആകെ നന്ദി പറയാനുള്ളത്. കുറച്ച് സമയം കൂടി കിട്ടിയിരുന്നെങ്കിൽ അതും ചെയ്‌തേനെ.'- വി ഡി സതീശൻ പറഞ്ഞു.