വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങിയ ഗ്രീസ് സ്വദേശിക്ക് മർദനം: കണ്ണിന് ഗുരുതര പരിക്ക്

Saturday 04 October 2025 1:40 PM IST

തിരുവനന്തപുരം: വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദേശ പൗരന് ക്രൂരമർദനം. ഗ്രീസ് സ്വദേശി റോബർട്ടിനാണ് മർദനമേറ്റത്. ബീച്ചിൽ വാട്ടർസ്പോട്ട് നടത്തുന്ന സംഘമാണ് ഇയാളെ മർദിച്ചത്. കഴിഞ്ഞ ദിവസം റോബർട്ടിന്റെ ഫോൺ ബീച്ചിൽ നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഫോൺ അന്വേഷിച്ച് ബീച്ചിലെത്തിയ റോബർട്ട് പിന്നീട് കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഈ സമയം വർക്കലയിലെ വാട്ടർ സ്പോട്ട് നടത്തിപ്പുകാരായ തൊഴിലാളികൾ റോബർട്ടിനെ കടലിൽ ഇറങ്ങാൻ അനുവദിച്ചില്ല.

ഇതേ തുടർന്ന് റോബർട്ടും തൊഴിലാളികളും തമ്മിൽ വാക്കു തർക്കമുണ്ടാകുകയും വഴക്കിനൊടുവിൽ തൊഴിലാളികൾ വിദേശിയെ അതിക്രൂരമായി മർദിക്കുകയും നിലത്തിട്ട് വലിച്ചിഴച്ച് പാപനാശം പൊലീസ് എയ്‌‌‌ഡ് പോസ്റ്റിലേക്ക് കൊണ്ടു പോകുകയായിരുന്നു. അവിടെ വച്ച് വീണ്ടും ഇയാളെ തൊഴിലാളികൾ മ‌ർദിച്ചുവെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. പിന്നീട് നാട്ടുകാർ ഇടപെട്ടതിനെ തുടർന്നാണ് സംഘം മർദനത്തിൽ നിന്ന് പിൻമാറിയത്.

ഈ സമയത്ത് എയ്ഡ് പോസ്റ്റിൽ പൊലീസുകാർ ഉണ്ടായിരുന്നില്ല. പിന്നീട് നാട്ടുകാർ ടൂറിസം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ടൂറിസം പൊലീസെത്തി വിനോദസഞ്ചാരിയെ വർക്കല താലൂക്ക് ആശുപത്രിയിൽ മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കണ്ണിന് ഗുരുതരമായ പരിക്കേറ്റിരിക്കുന്നുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. സംഭവത്തിൽ ഇതുവരെ വർക്കല പൊലീസ് കേസെടുത്തിട്ടില്ല. നിലവിൽ വാട്ടർ സ്പോട്ട് തൊഴിലാളികളെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിയതിന് ശേഷം പൊലീസ് കേസെടുക്കുമെന്നാണ് അറിയിച്ചത്.