 കന്നി 20 പെരുന്നാളിന് സമാപനം  കബർ വണങ്ങാൻ ഗജ വീരന്മാരെത്തി

Saturday 04 October 2025 3:36 PM IST

കോതമംഗലം: കോതമംഗലം മാർ തോമാ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാളിന്റെ സമാപന ദിവസം പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടം വണങ്ങാൻ പതിവ് തെറ്റിക്കാതെ ഗജവീരന്മാരെത്തി. അഞ്ച് കൊമ്പന്മാരാണ് ഇന്നലെ പള്ളിയിലെത്തിയത്. പെരുന്നാൾ സമാപന ദിവസം ഗജവീരന്മാർ പള്ളിയിലെത്തുന്നത് പതിറ്റാണ്ടുകളായി തുടരുന്ന പതിവാണ്. കരിമണ്ണൂർ ഉണ്ണി, മുണ്ടക്കൽ ശിവനന്ദൻ, വേണാട്ടുമഠം ഗോപാലൻകുട്ടി, തോട്ടയ്ക്കാട്ട് കണ്ണൻ, മരതൂർ മാണിക്യൻ എന്നീ ആനകളാണ് കബറിടം വണങ്ങിയത്. കരിവീരന്മാരുടെ കബർ വണക്കം കാണാൻ അനേകം വിശ്വാസികൾ പള്ളിമുറ്റത്ത് കാത്തുനിന്നിരുന്നു. മരതൂർ മാണിക്യനാണ് ആദ്യമെത്തിയത്. പിന്നീട് മറ്റ് നാല് കൊമ്പന്മാരും ഒരുമിച്ച് അണിനിരന്നാണ് കബർ വണങ്ങിയത്. പള്ളിയിൽ കരിവീരന്മാർക്ക് ഊഷ്മളമായ വരവേൽപ്പ് നൽകി. ഏലിയാസ് മാർ അത്താനാസിയോസ് മെത്രോപ്പൊലീത്ത, വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി, തന്നാണ്ട് ട്രസ്റ്റിമാരായ കെ.കെ. ജോസഫ്, എബി ചേലാട്ട്, ആന്റണി ജോൺ എം.എൽ.എ. തുടങ്ങിയവർ ആനകൾക്ക് പഴവും ശർക്കരയും നൽകി. പള്ളിയിൽ പത്തുദിവസത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് ഇന്നലെ സമാപനമായി. വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി കൊടിയിറക്കി. വരും ദിവസങ്ങളിലും ഭക്തജനപ്രവാഹം തുടരും. 12 വരെ വൈദ്യുതി ദീപാലങ്കാരം നിലനിറുത്തുമെന്ന് അധികൃതർ അറിയിച്ചു.