രോഹിത് ശർമ്മ നായകസ്ഥാനത്ത് നിന്ന് പുറത്ത്, ഓസ്‌ട്രേലിയൻ ഏകദിന പരമ്പര ശുഭ്മാൻ ഗിൽ നയിക്കും

Saturday 04 October 2025 3:51 PM IST

മുംബയ്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന ട്വന്റി -20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിനത്തിൽ രോഹിത് ശർമ്മയ്ക്ക് പകരം ശുഭ്മാൻ ഗില്ലിനെ പുതിയ നായകനായി നിയമിച്ചു. ശ്രേയസ് അയ്യർ ഏകദിനത്തിൽ വൈസ് ക്യാപ്റ്റനായി തുടരും. പേസർ ജസ്പ്രീത് ബുംറയ്ക്ക് ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും ഏകദിന ടീമിൽ തിരിച്ചെത്തും. ഇരുവരുടെയും ടീമിലെ സ്ഥാനം ഇനിമുതൽ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും പരിഗണിക്കുകയെന്നാണ് സൂചന. യുവതാരം യശസ്വി ജയ്‌സ്വാളും ടീമിൽ മടങ്ങിയെത്തി. അതേസമയം മലയാളി താരം സഞ്ജു സാംസണും ഇന്ത്യയുടെ ട്വന്റി 20 ടീമിൽ ഇടം നേടിയിട്ടുണ്ട്.

ട്വന്റി- 20 പരമ്പരയിൽ സൂര്യകുമാർ യാദവാണ് ഇന്ത്യയെ നയിക്കുക. ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി തുടരും. പരിക്കേറ്റ ഹാർദിക് പാണ്ഡ്യ ടീമിലില്ലാത്തതിനാൽ നിതീഷ് കുമാർ റെഡ്ഡി ട്വന്റി-20 ടീമിൽ ഇടം നേടി. പുതിയ തീരുമാനത്തോടെ രോഹിത് ശർമ്മയ്ക്ക് ടീമിൽ ക്യാപ്റ്റൻ സ്ഥാനം ഉണ്ടാകില്ല. 2027ലെ ഏകദിന ലോകകപ്പിൽ രോഹിത്തിന്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും, ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ ഇതുസംബന്ധിച്ച് വ്യക്തമായ വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല. ഒക്ടോബർ 19 മുതൽ 25 വരെ സിഡ്‌നി, അഡ്‌ലെയ്‌ഡ്, മെൽബൺ എന്നിവിടങ്ങളിലാണ് ഏകദിന മത്സരങ്ങൾ നടക്കുക. ഇതിനുശേഷം അഞ്ച് മത്സരങ്ങളുള്ള ട്വന്റി- 20 പരമ്പരയും ഉണ്ടാകും.

ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ)​,​ ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ)​ രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി, അക്സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശസ്വി ജയ്‌സ്വാൾ എന്നിവരെയാണ് ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിലെ താരങ്ങൾ.

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ)​,​ ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ)​,​ അഭിഷേക് ശർമ്മ, തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിംഗ്, വാഷിങ്ടൺ സുന്ദർ എന്നിവരാണ് ട്വന്റി- 20 ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.