ഓണം ബമ്പര്‍ അടിച്ചില്ലെങ്കിൽ വിഷമിക്കേണ്ട, 12 കോടിയുടെ ഒന്നാം സമ്മാനവുമായി പൂജാ ബമ്പര്‍ ദേ വന്നു

Saturday 04 October 2025 4:07 PM IST

തിരുവനന്തപുരം: ഒന്നാം സമ്മാനമായി 12 കോടി രൂപ ലഭിക്കുന്ന കേരള ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പറിന്റെ പ്രകാശനം നടന്നു. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഇന്ന് ഉച്ചയ്ക്ക് നടന്ന പ്രത്യേക ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാലാണ് ടിക്കറ്റ് പ്രകാശനം ചെയ്തത്. ആന്റണി രാജു എംഎല്‍എ അദ്ധ്യക്ഷനായിരിന്നു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുൻ പ്രേംരാജ്, ജോയിന്റ് ഡയറക്ടറായ മായ എൻ. പിള്ള, രാജ്കപൂർ എന്നിവർ സന്നിഹിതരായിരുന്നു.

ടിക്കറ്റിന് 300 രൂപ വിലയുള്ള പൂജാ ബമ്പര്‍ ഭാഗ്യക്കുറിക്ക് അഞ്ച് പരമ്പരകളാണുള്ളത്. നവംബർ 22-ന് ഉച്ചയ്ക്ക് 2-നാണ് നറുക്കെടുപ്പ്.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം). നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകള്‍ക്കും നല്‍കുന്നു എന്നതാണ് പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉൾപ്പെടെ ആകെ 332130 സമ്മാനങ്ങളാണ് നല്‍കുന്നത്.

ഇന്നായിരുന്നു ഓണം ബമ്പർ നറുക്കെടുപ്പ്. ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത് TH 577825 എന്ന ടിക്കറ്റിനാണ്. ഭാഗ്യവാൻ ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല.