കോ വർക്കിംഗ് സ്‌പേസ്: കൊച്ചിയിൽ വേഗക്കുതിപ്പ്
കൊച്ചി: സ്വന്തമായി കെട്ടിടവും ഓഫീസും സ്ഥാപിക്കുന്നതിനു പകരം തൊഴിലിടം പങ്കിടുന്ന 'കോവർക്കിംഗ് സ്‌പേസ്' രീതി കൊച്ചിയിൽ അതിവേഗം വളരുന്നു. വൻകിട കമ്പനികൾ മുതൽ പ്രാദേശിക സംരംഭകർ വരെ കോവർക്കിംഗ് സ്‌പേസുകൾ ലഭ്യമാക്കുന്നുണ്ട്. കൊച്ചിയിലും പരിസരത്തുമായി നൂറിലേറെ കോവർക്കിംഗ് സ്‌പേസുകളാണ് വിജയകരമായി പ്രവർത്തിക്കുന്നത്.
സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ച് ഓഫീസുകൾ പ്രവർത്തിപ്പിക്കുന്ന രീതിക്കു പകരമായി, ജോലിസ്ഥലം ആവശ്യമുള്ള സമയങ്ങളിൽ മാത്രം ഉപയോഗിക്കുന്ന രീതിയാണ് വ്യാപകമാകുന്നത്. പൊതുവായി ഉപയോഗിക്കാവുന്ന സ്ഥലം ഒരുക്കുന്ന കമ്പനികൾ കൊച്ചിയിലുണ്ട്. ഇൻഫോപാർക്ക് പരിസരത്ത് ആരംഭിച്ച കോവർക്കിംഗ് സ്‌പേസുകൾ ഇപ്പോൾ നഗരത്തിന്റെ ഭൂരിഭാഗം മേഖലകളിലും സുലഭമാണ്. ഒരാൾക്ക് ഇരിക്കാൻ മുതൽ നൂറിലേറെപ്പേർക്ക് ഒരുമിച്ചിരിക്കാൻ കഴിയുന്ന കേന്ദ്രങ്ങൾ വരെയുണ്ട്.
കൊവിഡിന് ശേഷമാണ് കോവർക്കിംഗ് രീതി വ്യാപകമായത്. ഉപയോഗിക്കുന്ന സമയത്തിന് മാത്രം വാടക നൽകിയാൽ മതിയെന്നതാണ് കോവർക്കിംഗിന്റെ ആകർഷണം. ആധുനിക ഓഫീസിന് വേണ്ട എല്ലാ സൗകര്യങ്ങളും ലഭിക്കും. ഇന്റർനെറ്റും കോൺഫറൻസ് ഹാളും മുതൽ പാർക്കിങ് സൗകര്യം വരെ ലഭ്യമാകും. ഒരു മണിക്കൂർ മുതൽ നാലോ അഞ്ചോ വർഷം വരെ ആവശ്യാനുസരണം ഉപയോഗിക്കാം. എപ്പോൾ വേണമെങ്കിലും വേണ്ടെന്ന് വയ്ക്കുകയും ചെയ്യാം.
അയ്യായിരം ചതുരശ്രയടി വിസ്തീർണ്ണമുള്ള ഓഫീസ് ഒരുക്കാൻ രണ്ടുകോടി രൂപ ചെലവാകും. സ്വന്തമായി ഓഫീസ് എടുക്കുന്നതിനും പരിപാലനത്തിനും സുരക്ഷയ്ക്കും ശുചീകരണത്തിനും കാന്റീനും മറ്റുമായി പണം മുടക്കുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തും. ഇത് തിരിച്ചറിഞ്ഞാണ് കൊവിഡാനന്തരം കോവർക്കിംഗ് സ്‌പേസ് എന്ന ആശയം കൂടുതൽ പ്രചാരത്തിലായത്.
മലയാളി സംരംഭകരും
കോവർക്കിംഗ് മേഖലയിൽ നിരവധി മലയാളി സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സംയുക്തസംരംഭങ്ങളും ധാരാളമുണ്ട്. കേരളത്തിന് പുറമെ, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലുമായി അഞ്ചരലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ഓഫീസ് സ്ഥലം കൈകാര്യം ചെയ്യുന്ന മലയാളി സംരംഭമാണ് സ്‌പേസ് വൺ.
ഹോട്ട് സ്‌പോട്ടുകൾ
ഇൻഫോപാർക്ക് പരിസരം
കാക്കനാട്
എറണാകുളം എം.ജി റോഡ്
കമളശേരി
ഗുണഭോക്താക്കൾ
ബാങ്കുകൾ
ഐ.ടി സ്ഥാപനങ്ങൾ
ധനകാര്യ സ്ഥാപനങ്ങൾ
കോർപ്പറേറ്റുകൾ
വളരുന്ന സംരംഭങ്ങൾ
സ്റ്റാർട്ടപ്പുകൾ
ഫ്രീലാൻസർമാർ
ഇൻഷ്വറൻസ് ഏജൻസികൾ
ഓഡിറ്റ് സ്ഥാപനങ്ങൾ
ചെറുകിട ഐ.ടി സംരംഭങ്ങൾ
ഓഫീസ് സൗകര്യങ്ങൾ കോവർക്കിംഗ് സേവനദാതാക്കൾക്ക് വിട്ടുനൽകുന്ന രീതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
സിജോ ജോസ്, ജയിംസ് തോമസ്
സഹസ്ഥാപകർ, സ്‌പേസ് വൺ