പാലസ്തീൻ വിഷയമാക്കി കുട്ടികൾ അവതരിപ്പിച്ച മൈം തടഞ്ഞു, കലോത്സവം നിർത്തിവച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

Saturday 04 October 2025 5:36 PM IST

കാസർകോട്: കുമ്പള ഹയർസെക്കന്ററി സ്കൂളിലെ കലോത്സവത്തിൽ പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുട്ടികൾ അവതരിപ്പിച്ച മൈം തടഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മൈം തടയുകയും കലോത്സവം നിർത്തിവയ്ക്കുകയും ചെയ്ത സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകിയത്.

കലോത്സവത്തിൽ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികൾ മൈം ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേക്കും അദ്ധ്യാപകർ കർട്ടൻ താഴ്ത്തുകയായിരുന്നു. തുടർന്ന് കലോത്സവത്തിന്റെ ഭാഗമായ എല്ലാ പരിപാടികളും നിർത്തിവച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ സ്കൂളിന് പുറത്ത് മൈം അവതരിപ്പിച്ചു.

കലോത്സവം നിർത്തിവക്കാനുള്ള നടപടിക്ക് പാലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം കാരണമായതായി മനസ്സിലാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. പാലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരമെന്ന് മന്ത്രി ചോദിച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. പാലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്ക് എതിരെ എന്നും നിലപാടെടുത്ത ജനവിഭാഗമാണ് കേരളമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുട്ടികൾ അവതരിപ്പിച്ച അതേ മൈം തന്നെ വേദിയിൽ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.