അരങ്ങുതകർത്ത് 'വെങ്കിട കല്യാൺ'
കൊച്ചി: വീട്ടമ്മയായ ശ്രീവിദ്യ മങ്കേഷ് പൈ ആദ്യമായി എഴുതി സംവിധാനം ചെയ്ത് 100കുട്ടികൾ ചേർന്ന് അവതരിപ്പിച്ച കൊങ്കണി നാടകം, 'വെങ്കട്ട കല്യാൺ ' പ്രേക്ഷക ഹൃദയം കീഴടക്കി. ഗൗഢസാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ആത്മീയാചാര്യനും കാശിമഠാധിപതിയുമായിരുന്ന സ്വാമി സുധീന്ദ്ര തീർത്ഥയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് തിരുമല ദേവസ്വത്തിലെ പഞ്ചാബ്ജ പുരേശ്വര സന്നിധിയിലാണ് നാടകം അരങ്ങേറിയത്.
ലോകനന്മയ്ക്കുംഐശ്വര്യത്തിനും വേണ്ടി മഹാവിഷ്ണു തിരുപ്പതിയിൽ ശ്രീനിവാസനായി അവതാരമെടുക്കുന്നതാണ് നാടകത്തിന്റെ പ്രമേയം. മഹാവിഷ്ണു വൈകുണ്ഠം ഉപേക്ഷിച്ച് ഭൂലോകത്ത് തിരുമലയിൽ ശ്രീനിവാസനായി കുടികൊണ്ടതിന്റെ പൊരുൾ എന്തെന്നാണ് നാടകത്തിലൂടെ വിവരിക്കുന്നത്. കിൻഡർ ഗാർട്ടൻ മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികളാണ് നാടകം അരങ്ങിലെത്തിച്ചത്. ബിരുദ വിദ്യാർത്ഥിയായ അനഘ വെങ്കിടേശ്വരനായി വേഷമിട്ടു. ചെറിയതോതിൽ പ്രതിമകളും കടലാസ്, തുണിത്തരങ്ങൾ എന്നിവ കൊണ്ട് കൗതുകവസ്തുക്കളും നിർമ്മിച്ചുള്ള പരിചയം മാത്രമുള്ള ശ്രീവിദ്യ മങ്കേഷ് കഴിഞ്ഞ മേയ് മാസത്തിലാണ് നാടക രചനയിലും ഒരുകൈ നോക്കാൻ തീരുമാനിച്ചത്. 'കലാകേന്ദ്ര പഞ്ചാബ്ജപുരം' ആണ് നാടകം അരങ്ങിൽ എത്തിച്ചത്.
ആദ്യം 10കുട്ടികളുമായി ആരംഭിച്ച റിഹേഴ്‌സലിൽ നിന്ന് കിട്ടിയ ആത്മവിശ്വാസം കഥയുടെ രൂപവും ഭാവവും മാറ്റാൻ പ്രേരണയായി. അതോടൊപ്പം കുട്ടികളുടെ ഉത്സാഹവും ക്ഷേത്രഭാരവാഹികളുടെയും ഭക്ത ജനങ്ങളുടെയും പ്രോത്സാഹനവും കൂടിയായപ്പോൾ 2 മണിക്കൂർ ദൈർഘ്യമുള്ള നാടകം യാഥാർത്ഥ്യമായി
ശ്രീവിദ്യ മങ്കേഷ് പൈ