ദേവസ്വം ബോർഡ് പ്രസിഡന്റിന്റേത് കുറ്റസമ്മതം: എൻ.കെ. പ്രേമചന്ദ്രൻ

Sunday 05 October 2025 1:22 AM IST

ന്യൂഡൽഹി: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് നടത്തിയ പ്രതികരണം പരസ്യമായ കുറ്റസമ്മതമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. 2019ൽ ശബരിമലയിൽ നിന്ന് സ്വർണം കടത്തിയെന്ന് സി.പി.എം നോമിനിയായ പ്രസിഡന്റുതന്നെ സമ്മതിക്കുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണം. ദേവസ്വം ബോർഡ് പിരിച്ചുവിട്ട് കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐയുടെ സമഗ്ര അന്വേഷണമുണ്ടാകണം. ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ വിശ്വാസികൾ സമർപ്പിക്കുന്ന വിലപിടിപ്പുള്ള സാധനങ്ങളുടെ മഹസർ തയാറാക്കി പ്രത്യേകം സൂക്ഷിക്കണം. ശബരിമലയിലെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെയും വിലപിടിപ്പുള്ള സ്വർണം, വെള്ളി തുടങ്ങിയവയുടെ രജിസ്റ്റർ തയാറാക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയെ ചുമതലപ്പെടുത്തിയത് സ്വാഗതാർഹമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.