സ്വർണപ്പാളി: വിജിലൻസ് അന്വേഷണ പുരോഗതി റിപ്പോർട്ട് 27ന് സമർപ്പിക്കും

Sunday 05 October 2025 1:45 AM IST

കൊച്ചി: ശബരിമല സ്വർണപ്പാളി സംഭവത്തിൽ വിജിലൻസിന്റെ അന്വേഷണപുരോഗതി റിപ്പോർട്ട് 27ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ശബരിമല ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലെ വിവരങ്ങൾ ദേവസ്വം ഉദ്യോഗസ്ഥർ അറിയരുതെന്നും രഹസ്യമായി വയ്‌ക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

പ്രാഥമിക റിപ്പോർട്ടിൽ ഒട്ടേറെ ക്രമക്കേടുകളും പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടിയിരുന്നു. ദ്വാരപാലക ശില്പങ്ങളുടെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് 2019ൽ നടന്ന ഇടപാടിലാണ് കൂടുതൽ ദുരൂഹതയുള്ളത്.

വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിലുള്ളത്:

 ദ്വാരപാലക ശില്പങ്ങൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുമതി നൽകിയിരുന്നുവെന്ന് 2019 ജൂലായ് 19ലെ ദേവസ്വം മഹസറിൽ നിന്ന് വ്യക്തമാണ്.

 2019 ജൂലായ് 19, 20 തീയതികളിൽ ഇളക്കിമാറ്റിയ പാളികൾ ഒരു മാസത്തിലധികം വൈകി ആഗസ്റ്റ് 29നാണ് ചെന്നൈയിലെ സ്ഥാപനത്തിലെത്തിച്ചത്.

2019 ആഗസ്റ്റ് 29ലെ മഹസർ പ്രകാരം, തൂക്കത്തിൽ 4.541കിലോ കുറഞ്ഞതായി കണക്കാക്കാം. വിശദമായ അന്വേഷണം ആവശ്യമാണ്.

 ശില്പങ്ങളും പീഠങ്ങളും പുനഃസ്ഥാപിക്കുമ്പോൾ തൂക്കം രേഖപ്പെടുത്തിയിട്ടില്ലെന്ന് 2019 സെപ്തംബർ 11ലെ മഹസറിൽ നിന്ന് വ്യക്തമാണ്. കൊണ്ടുപോയത് ചെമ്പു പാളികളാണെന്ന് രേഖപ്പെടുത്തിയതും സംശയകരമാണ്.

 ശില്പങ്ങൾ 1998-99ൽ സ്വർണം പൊതിഞ്ഞിരുന്നുവെന്ന് അന്നത്തെ പണിക്കാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സ്വർണത്തകിടുകൾ അടുക്കിവച്ചാണ് പൊതിഞ്ഞിരുന്നത്.

സ്വർണം പൊതിഞ്ഞിട്ടുണ്ടെന്നത് 2013, 2019, 2021 വർഷങ്ങളിലെ ഫോട്ടോകളിൽ വ്യക്തമാണ്. എന്നാൽ ഇതിന്റെ കണക്കുകളില്ല.

 ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ-മെയിലിൽ പരമർശിക്കുന്ന പഴയ ദ്വാരപാലക ശില്പങ്ങളും പീഠങ്ങളും സ്ട്രോംഗ് റൂമിൽ കണ്ടെത്താനായില്ല. ധ്വജസ്തംഭം സ്വർണം പൊതിഞ്ഞതിന്റെയും കണക്കില്ല.

 ഇത്തവണ സ്വർണം പൂശാൻ കൊണ്ടുപോയ സ്വർണ പീഠങ്ങൾ പോറ്റിയുടെ തിരുവനന്തപുരത്തുള്ള സഹോദരിയുടെ വീട്ടിൽ എത്തിയതെങ്ങനെയെന്നതിലും അന്വേഷണം വേണം.