മുൻ മാദ്ധ്യമ പ്രവർത്തകനും കുടുംബത്തിനും അക്രമണം: രണ്ട് പേർക്കെതിരെ കേസെടുത്തു
പറവൂർ: മുൻ മാദ്ധ്യമ പ്രവർത്തകനെയും കുടുംബത്തെയും അക്രമിക്കുകയും ആൾക്കൂട്ടത്തിനിടയിൽ വച്ച് അപമാനിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർക്കെതിരെ പുത്തൻവേലിക്കര പൊലീസ് കേസെടുത്തു. ചെറുകടപ്പുറം പനയ്ക്കൽ വീട്ടിൽ ജിമ്മി (57), സഹോദരൻ ജോഷി (56) എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇവർ ഒളിവിലാണ്.
ചെറുകടപ്പുറം പനയ്ക്കൽ വീട്ടിൽ ബെന്നിയും കുടുംബവും കഴിഞ്ഞ ഞായറാഴ്ച പള്ളിയിൽ കുർബാന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായായിരുന്നു സംഭവം. ആക്രമണത്തിന് ശേഷം ആശുപത്രിയിലെത്തിയ പ്രതികൾ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. സ്ത്രീകൾ ഉൾപ്പെടുന്ന കുടുംബത്തിന് ആക്രമണം ഉണ്ടായതിനെ തുടർന്ന് ആഭ്യന്തര വകുപ്പ് ഇടപെട്ടിട്ടുണ്ട്. മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.