ഓപ്പൺ യൂണിവേഴ്സിറ്റിക്ക് 12 വരിയിൽ മുദ്രാഗീതം
കൊല്ലം: ഗുരുദേവ സന്ദേശങ്ങളും നാളെയുടെ പ്രതീക്ഷകളും കോർത്തിണക്കി ഓപ്പൺ യൂണിവേഴ്സിറ്റിക്ക് മുദ്രാഗീതം. കവി കുരീപ്പുഴ ശ്രീകുമാറാണ് ഗീതമെഴുതിയത്. 'വിദ്യയാൽ സ്വതന്ത്രരാകണം, വിശ്വപൗരരായി മാറണം, ഗൃഹപ്രസാദമായ് വിളങ്ങണം, ഗുരുപ്രകാശമേ നയിക്കണം"... ഇങ്ങനെയാണ് ആരംഭിക്കുന്നത്. കാച്ചിക്കുറുക്കിയ പന്ത്രണ്ട് വരികളിൽ ഗുരുദേവ സന്ദേശങ്ങൾക്കാണ് മുൻതൂക്കം. 'ശാസ്ത്രവ്യാപ്തിയെന്നുമേകണം, ജാതിഭേദമാകെ മാറണം, ബോധരശ്മിയിൽ തിളങ്ങുവാൻ, ജ്ഞാനകേന്ദ്രമേ ജ്വലിക്കണം"... ഇങ്ങനെയാണ് ഗീതം അവസാനിക്കുന്നത്.
സംഗീത സംവിധായകൻ എം.ജയചന്ദ്രൻ സംഗീതം നൽകി. ആറുമാസം മുമ്പ് പാട്ടൊരുക്കി യൂണിവേഴ്സിറ്റിക്ക് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന അഞ്ചാം വാർഷികാഘോഷത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഗീതം പ്രകാശനം ചെയ്തു. ചിത്ര അരുണും നിഖിൽ രാജുമാണ് ഗാനം ആലപിച്ചത്. ശ്രേയ ജയദീപ്, മാതുകല്യാണി, ആതിര ജനകൻ, കൃഷ്ണജിത്ത് ഭാനു, സഞ്ജയ് ചന്ദ്രൻ, അഖിൽ വിജയ് എന്നിവർ കോറസ് പാടി. ടി.എ.അസീം ബാബുവാണ് വീഡിയോ ചിത്രീകരണം നടത്തിയത്.
രാഗനിബദ്ധമല്ല ഈ ഗീതം. ഗുരുസന്ദേശങ്ങളുടെ ചുവടുപിടിച്ചാണ് ചിട്ടപ്പെടുത്തിയത്. ആദ്യമായാണ് ഒരു യൂണിവേഴ്സിറ്റി ഗീതം ചിട്ടപ്പെടുത്തുന്നത്.
-എം.ജയചന്ദ്രൻ,
സംഗീത സംവിധായകൻ
ശ്രീനാരായണ ഗുരുദേവന്റെ വിദ്യാഭ്യാസ ദർശനം പൂർണമായും ഉൾക്കൊള്ളുന്നതാണ് ഗീതം. ഇതിലും നല്ലൊരു ഗീതം തയ്യാറാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
- ഡോ. വി.പി.ജഗതിരാജ്,
വൈസ് ചാൻസലർ,
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി
ലളിതവും പെട്ടെന്ന് ആലപിക്കാൻ പാകത്തിലുമാണ് എഴുതിയത്. ഗുരുമുഖത്തുനിന്ന് പകർന്ന, സയൻസിനെയും വൈജ്ഞാനിക മേഖലയെയും കൂട്ടിവിളക്കാൻ ശ്രമിച്ചു.
- കുരീപ്പുഴ ശ്രീകുമാർ