തകർന്നടിഞ്ഞ് മുതലമട പൈതൃക റെയിൽവേസ്റ്റേഷൻ റോഡ്

Sunday 05 October 2025 1:25 AM IST
മുതലമട റെയിൽവേ സ്റ്റേഷൻ സമാന്തര തുരങ്കപാത തകർന്നടിഞ്ഞ നിലയിൽ.

മുതലമട: കേരളത്തിന്റെ പൈതൃക റെയിൽവേ സ്റ്റേഷൻ ആയ മുതലമടയുടെ പ്രധാന റോഡ് തകർന്നിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും നാളിതുവരെയായി യാതൊരു നടപടിയും സ്വീകരിക്കാതെ അധികൃതർ. തകർന്നടിഞ്ഞ റോഡിൽ അപകടങ്ങളും പതിവായി. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നും ഇരുചക്ര വാഹനത്തിൽ വന്ന ദമ്പതികൾ രാത്രി ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. ആറ് സ്‌കൂൾ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ പോകുന്ന റോഡാണിത്. ചിറ്റൂർ താലൂക്ക് ആസ്ഥാന ആശുപത്രി, കരുണാ മെഡിക്കൽ കോളേജ് തുടങ്ങിയിടങ്ങളിലേക്ക് മുതലമടക്കാർക്ക് എത്തിപ്പെടാനുള്ള ഏകമാർഗമാണ് മുതലമട റെയിൽവേ സ്റ്റേഷൻ റോഡ്. റെയിൽവേ തുരങ്കം നിർമ്മിക്കുന്ന കാലയളവിൽ റെയിൽ ട്രാക്കിന് സമാന്തരമായി പണിതതാണീ റോഡ്. പിന്നീട് യാതൊരുവിധ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് റോഡിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. പെരുമാട്ടി, പട്ടഞ്ചേരി, മുതലമട പഞ്ചായത്തുകളെ സമാന്തര രീതിയിൽ ബന്ധിപ്പിക്കുന്നതിനായി നന്ദിയോട് മുതൽ കാമ്പ്രത്ത്ച്ചള്ള വരെയുള്ള റോഡ് സംസ്ഥാന സർക്കാരിന്റെ നിർമ്മാണ പ്രവർത്തി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും റെയിൽവേ റോഡിന്റെ നിർമ്മാണം നടത്തിയിട്ടില്ല. മുതലമട പഞ്ചായത്ത് മുൻ ഭരണ സമിതി 15 ലക്ഷം രൂപ വകയിരുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. റെയിൽവേമായുള്ള സാങ്കേതിക കാരണങ്ങളാണ് റെയിൽവേ സമാന്തര തുരങ്കപാത നിർമ്മാണം നടക്കാത്തതിനു കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. റെയിൽവേ തുരങ്ക പാതയുടെ ഇരുവശത്തുള്ള സംരക്ഷണഭിത്തികളും തകർച്ചാ ഭീഷണിയിലാണ്. മഴ പെയ്താൽ അപ്രതിക്ഷിതമായി മണ്ണിടിയുന്നത് പതിവാണ്. ഇവയ്ക്ക് ഇരുവശത്തും സമാന്തരമായി സംരക്ഷണ ഭിത്തി നിർമ്മിച്ച് റോഡ് നിർമ്മാണം ഉടൻ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.