അനന്തമായി നീണ്ട് നീറ്റ് യു.ജി പ്രവേശനം

Sunday 05 October 2025 12:00 AM IST

കൊച്ചി: 2025ലെ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്‌സി നഴ്സിംഗ് പ്രവേശനത്തിനുള്ള നീറ്റ് യു.ജി അലോട്ട്മെന്റ് നടപടികൾ കുത്തഴിഞ്ഞതോടെ പ്രതിസന്ധിയിലായി ആയിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും. സെപ്തംബർ 22ന് മെഡിക്കൽ കോഴ്സുകളുടെ ക്ലാസ് തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിക്ക് (MCC) ഇതുവരെ പ്രവേശന നടപടികൾ പോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.

ആൾ ഇന്ത്യ ക്വോട്ടയിൽ രാജ്യത്തെ 15 ശതമാനം എം.ബി.ബി.എസ് സീറ്റുകളിൽ പ്രവേശനം നടത്തുന്നത് എം.സി.സിയാണ്. എം.സി.സി പ്രവേശനത്തിന്റെ തുടർച്ചയാണ് സംസ്ഥാനതല പ്രവേശന നടപടികൾ. എന്നാൽ, ജൂൺ 14ന് നീറ്റ് ഫലം പ്രഖ്യാപിച്ചിട്ടും രണ്ടു റൗണ്ട് പ്രവേശന നടപടികൾ പൂർത്തിയാക്കാൻ മാത്രമാണ് എം.സി.സിക്ക് ഇതുവരെ കഴിഞ്ഞിട്ടുള്ളത്. ഓരോ ഘട്ടത്തിലും പ്രവേശന നടപടികൾ വൈകിപ്പിച്ച എം.സി.സി മൂന്നാം റൗണ്ട് ചോയ്സ് ഫില്ലിംഗ്, ചോയ്സ് ലോക്കിംഗ്, ഫീസ് അടയ്ക്കൽ ഉൾപ്പെടയുള്ള നടപടികൾ ഇന്ന് പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നു. എട്ടാം തീയതി അലോട്ട്മെന്റ് ഫലം പ്രഖ്യാപിക്കുമെന്നും തുടർന്ന് ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടണം എന്നും അറിയിച്ചിരുന്നു. എന്നാൽ, ഇന്നലെ എത്തിയത് മൂന്നാം റൗണ്ട് പ്രവേശന നടപടികളുടെ അന്തിമ തീയതി അനന്തമായി നീട്ടിയിരിക്കുന്നു എന്ന അറിയിപ്പാണ്.

എം.ബി.ബി.എസ് സീറ്റുകൾ രാജ്യത്ത് വർദ്ധിപ്പിച്ചതിനാലാണ് അലോട്ട്മെന്റ് നടപടികൾ വൈകുന്നത് എന്നാണ് അധികൃതർ പറയുന്നത്.

പ്രവേശന നടപടികൾ അനന്തമായി നീളുന്നതിൽ വിദേശ രാജ്യങ്ങളിൽനിന്നുൾപ്പെടെ അഡ്മിഷന് ഇന്ത്യയിൽ എത്തിയ വിദ്യാർത്ഥികളും രക്ഷിതാക്കളും ബുദ്ധിമുട്ടിലാണ്. മടക്കയാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത് എത്തിയ രക്ഷിതാക്കൾ എപ്പോൾ, എന്നു മടങ്ങാനാകുമെന്ന് അറിയാത്ത അവസ്ഥയിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ അലോട്ട്മെന്റ് പ്രതീക്ഷിച്ച മലയാളികളും മുൻകൂർ യാത്രാ ടിക്കറ്റും ഹോട്ടൽ ബുക്കിംഗും നടത്തിയിരുന്നു. എന്നാൽ, ഇതെല്ലാം റദ്ദാക്കേണ്ട അവസ്ഥയിലാണിപ്പോൾ.