അതിർത്തിയിൽ സഹോദരന് വീരമൃത്യു; അനിയത്തിയുടെ വിവാഹം നടത്തിയത് ഒരു ബറ്റാലിയൻ പട്ടാളക്കാർ

Saturday 04 October 2025 9:37 PM IST

അതിർത്തിയിൽ വീരമൃത്യു വരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം നടത്താൻ വീട്ടിലെത്തി ഇന്ത്യൻ സെെനികർ. ഹിമാചൽ പ്രദേശിലെ ആശിഷ് കുമാറിന്റെ റെജിമെന്റിലെ ജവാന്മാരും വിമുക്തഭടന്മാരുമാണ് വിവാഹത്തിനെത്തിയത്. ഹിമാചൽ പ്രദേശിലെ സിർമൂർ ജില്ലയിലെ ഭാർളി ഗ്രാമത്തിലാണ് ആരാധന എന്ന യുവതിയുടെ വിവാഹം നടന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഓപ്പറേഷൻ അലർട്ടിനിടെയാണ് ആരാധനയുടെ സഹോദരൻ ആശിഷ് കുമാർ വീരമൃത്യു വരിച്ചത്.

സഹോദരിയുടെ വിവാഹത്തിലെ ആശിഷിന്റെ അഭാവം കുടുംബത്തെയാകെ വേദനയിലാഴ്ത്തിയിരുന്നു. എന്നാൽ സഹോദരന്റെ സ്ഥാനത്ത് നിന്ന് വിവാഹം നടത്താൻ എത്തിയത് ഒരു ബറ്റാലിയൻ പട്ടാളക്കാരാണ്. വധുവിനെ പന്തലിലേക്ക് ആനയിക്കുന്നത് മുതൽ സഹോദരിയുടെ വിവാഹത്തിന് സഹോദരൻ ചെയ്യേണ്ട ചടങ്ങുകളെല്ലാം അവർ ചെയ്തു. വിവാഹശേഷം ആരാധനയെ വരന്റെ വീട് വരെ അനുഗമിക്കുകയും ചെയ്ത ശേഷമാണ് ജവാന്മാർ മടങ്ങിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്.