തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥലം മാറ്റങ്ങൾക്ക് കമ്മിഷന്റെ വിലക്ക്

Sunday 05 October 2025 12:00 AM IST

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കുന്നതിന് മുന്നോടിയായി, സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ സ്ഥലം മാറ്റങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി.

സർക്കാർ വകുപ്പുകൾ, പൊതു മേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി ബോർഡുകൾ, കോർപ്പറേഷനുകൾ, സർവ്വകലാശാലകൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിനാണ് നിയന്ത്രണം.ഭരണപരമായ അടിയന്തര സാഹചര്യത്തിൽ സ്ഥലംമാറ്റം ആവശ്യമായി വരുകയാണെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ ബോദ്ധ്യപ്പെടുത്തി മുൻകൂർ അനുമതി വാങ്ങണം.ഇപ്പോൾ നടന്നു വരുന്ന വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റ ഉത്തരവുകൾ ബാധകമല്ല. തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള ഒഴിവുകളിൽ ഉടൻ നിയമനങ്ങൾ നടത്തണം.ഒക്ടോബർ 3 നും അതിന് മുൻപും ഇറക്കിയിട്ടുള്ള ഉത്തരവുകളിലെ സ്ഥലംമാറ്റങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തണം. ഒക്ടോബർ മൂന്നിന് മുമ്പ് വിവിധ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവുകൾ നടപ്പാക്കാമെന്ന് കമ്മീഷൻ വ്യക്തമാക്കി.