മകുടവും മണിയും മാറ്റിയതിലും ദുരൂഹത

Sunday 05 October 2025 1:42 AM IST

പത്തനംതിട്ട; ശബരിമല ക്ഷേത്രത്തിൽ 1998ൽ സ്വർണം പൊതിയുന്നതുമായി ബന്ധപ്പെട്ട് മകുടങ്ങൾ ഇളക്കിമാറ്റിയതിലും തിരുമുറ്റത്തെ മണികൾ ഉടച്ചുവാർത്തതിലും ക്രമക്കേട് നടന്നതായി ആക്ഷേപം. രാജഭരണകാലത്ത് നിർമ്മിച്ച ക്ഷേത്ര മകുടങ്ങളിൽ ഇറിഡിയം ഉൾപ്പെടെ വിലപിടിപ്പുള്ള ലോഹങ്ങൾ ഉണ്ടായിരുന്നതായും പരിശോധിക്കണമെന്നും അന്ന് ആവശ്യം ഉയർന്നിരുന്നു. ശ്രീകോവിലിനുള്ളിൽ പോസിറ്റീവ് എനർജി ഉണ്ടാകുന്നതിനും ക്ഷേത്രത്തിന് ഇടിമിന്നൽ ഏൽക്കാതിരിക്കുന്നതിനും വേണ്ടിയുള്ള ലോഹക്കൂട്ടുകളാണ് പഴയകാലത്ത് ക്ഷേത്ര മകുടങ്ങളിൽ നിറച്ചിരുന്നത്. ശബരിമലയിലും അവയാണോ മകുടത്തിലുള്ളതെന്ന് പരിശോധിക്കണമെന്നായിരുന്നു ആവശ്യം.സ്വർണം പൊതിയുന്നതിനായി മകുടങ്ങൾ ഇളക്കിമാറ്റിയപ്പോൾ സന്നിധാനത്ത് നിന്ന് തൊഴിലാളികളെ മാറ്റിനിറുത്തിയതും അന്ന് സംശയത്തിന് ഇടയാക്കി. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കായംകുളം സ്വദേശിയായ അഭിഭാഷൻ 2014ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംഭവം നടന്ന് വർഷങ്ങൾ പിന്നിട്ടത് ചൂണ്ടിക്കാട്ടി കോടതി പരാതി മടക്കി. ഇതിനുശേഷം തിരുമുറ്റത്തെ വലിയ മണികൾ അഴിച്ചെടുത്തുകൊണ്ടുപോയി ഉടച്ചുവാർത്തതിലും ക്രമക്കേടുണ്ടെന്ന് പരാതിയുണ്ട്. എട്ടു വർഷം മുമ്പ് പുതിയ സ്വർണക്കൊടിമരം സ്ഥാപിക്കുന്നതിന് പഴയ കൊടിമരത്തിലെ വാജിവാഹന വിഗ്രഹം ഇളക്കിമാറ്റിയത് ഇപ്പോൾ എവിടെയാണെന്നും അറിയില്ല.