യു.ഡി.എഫ് തോറ്റാൽ വനവാസത്തിന് പോകും : വി.ഡി.സതീശൻ

Sunday 05 October 2025 1:51 AM IST

ആലപ്പുഴ : നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തിളക്കമാർന്ന വിജയം നേടിയില്ലെങ്കിൽ വെല്ലുവിളി സ്വീകരിച്ച് വനവാസത്തിന് പോകാൻ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ആലപ്പുഴയിൽ യു.ഡി.എഫ് നിലപാട് വിശദീകരണ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് പ്രവർത്തകർ നല്ല സഖാക്കളെ കണ്ടാൽ ചിരിക്കണം. അവർ യു.ഡി.എഫിന് വോട്ട് ചെയ്യും. കഠിനാദ്ധ്വാനം ചെയ്താൽ 100ലധികം സീറ്റുമായി വിജയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണപ്പാളി വിവാദത്തിൽ സർക്കാർ മറുപടി പറയണം. ദ്വാരപാലക ശില്പത്തിലെ സ്വർണ്ണം എങ്ങനെ ചെമ്പായി എന്ന് വിശദീകരിക്കണം. സ്വർണം അടിച്ചുമാറ്റിയ വകയിൽ ദേവസ്വം ബോർഡിനും കമ്മീഷൻ ലഭിച്ചിട്ടുണ്ട്. വ്യക്തമായ കണക്കുകൾ അന്വേഷിച്ച് നടപടി ഉണ്ടാകുന്നതുവരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കും. അയ്യപ്പ സംഗമം നടത്തി വിശ്വാസികളെ ആക്ഷേപിച്ച പിണറായി സർക്കാരിന് അയ്യപ്പൻ മുന്നിട്ടിറങ്ങി എട്ടിന്റെ പണി കൊടുത്തു കൊണ്ടിരിക്കുകയാണെന്ന് സതീശൻ പറഞ്ഞു.