കേന്ദ്രം വയനാടിനെ അവഗണിക്കുന്നു: പ്രിയങ്ക

Sunday 05 October 2025 1:58 AM IST

ന്യൂഡൽഹി: വലിയ ദുരന്തം നേരിട്ട വയനാട്ടിലെ ജനങ്ങളെ കേന്ദ്രസർക്കാർ അവഗണിക്കുകയാണെന്ന് വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. വയനാട് പുനർനിർമ്മാണത്തിനായി കേരളം 2221 കോടിയോളം ആവശ്യപ്പെട്ടപ്പോൾ കേന്ദ്രം അനുവദിച്ചത് 260 കോടി രൂപ മാത്രമാണ്. വീടും ജീവിതോപാധികളും പ്രിയപ്പെട്ടവരും നഷ്‌ടമായ വയനാട്ടിലെ ജനങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുശേഷം മതിയായ സഹായങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ അവർക്ക് ലഭിച്ചത് അവഗണനയാണ്. ദുരിതാശ്വാസ പ്രവർത്തനവും പുനരധിവാസവും രാഷ്ട്രീയത്തിന് അതീതമായിരിക്കണം. മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങൾ രാഷ്ട്രീയ അവസരങ്ങളായി കണക്കാക്കരുത്. വയനാട്ടിലെ ജനങ്ങൾ നീതി,പിന്തുണ,അന്തസ് എന്നിവയാണ് അർഹിക്കുന്നതെന്നും പ്രിയങ്ക എക്‌സ് പോസ്റ്റിൽ കുറിച്ചു.