കൂടൽമാണിക്യം : തന്ത്രി സമരം പൊളിഞ്ഞു
കൊച്ചി: ഈഴവ സമുദായാംഗം കഴകം ജോലിയിൽ പ്രവേശിച്ചതിനെ തുടർന്ന് കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാർ രണ്ട് ആഴ്ചയായി നടത്തിവന്ന ക്ഷേത്രബഹിഷ്കരണ സമരം പൊളിഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ പൂജയ്‌ക്ക് അണിമംഗലത്ത് മനയിലെ വാസുദേവൻ നമ്പൂതിരിപ്പാട് ഹാജരായി. മഹാനവമി ദിനത്തിൽ ചെമ്മാപ്പിള്ളി തന്ത്രികുടുംബാംഗവും എത്തി. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമനം ലഭിച്ച ചേർത്തല സ്വദേശി കെ.എസ്. അനുരാഗ് കെട്ടിയ മാലകളും ഒരുക്കിയ പുഷ്പങ്ങളും ഉപയോഗിച്ചു തന്നെയാണ് തന്ത്രിമാർ കഴിഞ്ഞ ദിവസങ്ങളിൽ പൂജ നടത്തിയത്.
സെപ്തംബർ 15ന് അനുരാഗ് ചുമതലയേറ്റ ശേഷം ആറ് തന്ത്രി കുടുംബങ്ങളിൽ അഞ്ചും ക്ഷേത്രം ബഹിഷ്കരിച്ചിരുന്നു. തരണനല്ലൂർ പടിഞ്ഞാറ്റുമനയിലെ അനിപ്രകാശ് മാത്രമാണ് തന്ത്രിപൂജകൾക്ക് എത്തിയിരുന്നത്. ദേവസ്വത്തിന് നൽകിയ നിസ്സഹകരണ കത്തിലും ഈ തന്ത്രികുടുംബം ഒപ്പുവച്ചില്ല. അനിപ്രകാശ് ഒക്ടോബർ ആറു വരെ സ്ഥലത്തില്ലാത്തതിനാൽ കളഭം, കലശ പൂജകൾ ദേവസ്വം രശീതാക്കിയില്ല. ഇതിനിടെ ഒരു ദിവസം കളഭ പൂജ മുടങ്ങുകയും ചെയ്തു.
ക്ഷേത്രത്തിൽ 'അനുരാഗ പൈപ്പിൻവെള്ളം" !
അനുരാഗിനോടുള്ള ജാതിഭ്രഷ്ട് സകലസീമകളും കടന്ന് ക്ഷേത്രത്തിൽ മുന്നേറുകയാണ്. പിന്നാക്കക്കാരൻ തൊട്ട് അശുദ്ധമാകാതിരിക്കാൻ ക്ഷേത്രത്തിനകത്ത് അനുരാഗിന്റെ മാത്രം ഉപയോഗത്തിനായി പ്രത്യേകം പൈപ്പും മോട്ടോർ സ്വിച്ചും സ്ഥാപിച്ചു. തന്ത്രിമാർ കുളിക്കുന്ന തീർത്ഥക്കുളത്തിൽ നിന്ന് മോട്ടോർ വഴിയെത്തിക്കുന്ന വെള്ളമാണ് തിടപ്പള്ളിയിൽ നിവേദ്യം തയ്യാറാക്കാനും അഭിഷേകത്തിനുമുൾപ്പെടെ ക്ഷേത്രാവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. മാലകെട്ടാനുള്ള താമരപൂക്കൾ നനയ്‌ക്കാനും പൂജാപാത്രങ്ങൾ കഴുകിവയ്‌ക്കാനും വേണ്ട ഒരു ബക്കറ്റ് വെള്ളം കഴിഞ്ഞ ദിവസം വരെ മറ്റ് കഴകക്കാർ തിടപ്പള്ളിയിൽ നിന്നെടുത്ത് അനുരാഗിന് നൽകുകയായിരുന്നു.