വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച ഒന്നരക്കോടിയുടെ സ്വർണം പിടികൂടി

Sunday 05 October 2025 1:51 AM IST

ശംഖുംമുഖം: വിദേശത്ത് നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നരക്കോടിയോളം രൂപ വിലരുന്ന സ്വർണം എയർകസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടി കൂടി. തമിഴ്നാട് സ്വദേശികളായ ബഷീർ അഹമ്മദ്,മണികണ്ഠൻ നടരാജൻ എന്നിവർ

പിടിയാലായി.

വെള്ളിയാഴ്ച്ച രാത്രി കോലാലംപൂരിൽ നിന്നെത്തിയ എയർഏഷ്യൻ എയർലൈൻസിലെ യാത്രക്കാരനായിരുന്ന നടരാജൻ 800ഗ്രാമിൽ അധികം വരുന്ന സ്വർണം കട്ടിയുള്ള ആഭരണമാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.പിന്നാലെ ഷാർജയിൽ നിന്നും എത്തിയ എയർഇന്ത്യ എക്സ്പ്രസ് എയർലൈൻസിലെ യാത്രക്കാരനായ ബഷീർ അഹമ്മദ് 700ഗ്രാം തൂക്കം വരുന്ന സ്വർണം 100ഗ്രാം വീതമുള്ള ബിസ്‌ക്കറ്റുകളാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചും കടത്താൻ ശ്രമിച്ചു.എയർ കസ്റ്റംസിന് മുൻകൂട്ടി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽ പരിശോധനകൾ കർശനമാക്കിയിരുന്നു. എമിഗ്രേഷൻ പരിശോധനകൾ കഴിഞ്ഞ് പുറത്തിറങ്ങിയ ഇവർ എയർകസ്റ്റംസിന്റെ മെറ്റൽ ഡിക്ടറ്റർ ഡോർ പരിശോധനയിൽ പിടിവിഴാതിരിക്കാനുള്ള രീതിയിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

മെറ്റൽഡിക്ടറ്റർ ഡോറിൽ നിന്നും ബീപ്പ് ശബ്ദം ഉയരാത്തതിനെ തുടർന്ന് സുരക്ഷിതരാണന്ന് കരുതി കൺവേയർബെൽറ്റിലെത്തി ലേഗജുകൾ എടുക്കാനായി കാത്തു നിൽക്കുന്നതിനിടെ കൂടുതൽ പരിശോധനക്കായി വിളിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വർണം ഒളിപ്പിച്ചിരിക്കുന്നതായി കണ്ടത്തിയത്. വിമാനത്തിൽ നിന്നും ഇറങ്ങി ടെർമിനലിനുള്ളിൽ പ്രവേശിക്കുന്ന യാത്രക്കാരെ കാമറകളിലൂടെ നീരീക്ഷിച്ച് വരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സൂചന അനുസരിച്ചാണ് ഇവരെ കൂടുതൽ പരിശോധനയ്ക്ക് വിധേയരാക്കിയത്.

കള്ളപ്പണം

വെളുപ്പിക്കുന്നു

സ്വർണക്കടത്തിന്റെ മറവിൽ കോടികളുടെ കള്ളപ്പണം വെളുപ്പിക്കുന്നതായി കേന്ദ്ര ഏജൻസികൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.നിയമവിരുദ്ധമായി സൂക്ഷിച്ച യു.എസ് ഡോളറുകളുമായി വിദേശത്തേക്ക് കടക്കാനെത്തിയ തമിഴ്നാട് സ്വദേശികളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ പിടി കൂടിയതിനെ തുടർന്ന് നടത്തിയ അനേഷണത്തിലാണ് വ്യാപകമായി കള്ളപണം വെളുപ്പിക്കുന്നതായി കണ്ടത്തിയത്.